ജാക്ക് &ഡാനിയേൽ ഒരു കള്ളനും പൊലീസും കളിയാണ്. സിനിമ പറയുന്ന കഥ ദശാബ്ദം മുമ്പ് മറ്റൊരു പേരിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. എസ്.എൽ പുരം ജയസൂര്യ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പറഞ്ഞുപഴകിയ വഴികളിലൂടെ തന്നെ സംവിധായകൻ പ്രേക്ഷകരെ തെളിക്കുന്നതിനാൽ ആവേശം കൊള്ളിക്കുന്ന രംഗങ്ങളോ കഥാമുഹുർത്തങ്ങളോ ഒന്നുംതന്നെ സിനിമയിലില്ല. തിരക്കഥയുടെ ബലക്കുറവ് സിനിമയിൽ നിഴലിച്ചുകാണാം. മുമ്പിറങ്ങിയ സിനിമകൾ ഇത്തരം പ്രമേയം ചർച്ച ചെയ്‌തതാണെന്ന കാര്യം പോലും ചിന്തിക്കാതെയാണ് തിരക്കഥ രചിച്ചിരിക്കുന്നതെന്നാണ് ഏറ്റവും ദു:ഖകരം. ഒറ്റവാക്കിൽ പറഞ്ഞാൽ പഴയവീഞ്ഞിന് പുതിയ കുപ്പി എന്നുമാത്രം. ജാക്ക് & ഡാനിയേൽ എന്നത് വിലയേറിയ ഒരു വിസ്‌കിയാണ്. അതിന്റെ മൂല്യത്തിനോളമെത്തുന്നില്ലെങ്കിലും ഒരെണ്ണം അടിച്ചാൽ ലഭിക്കുന്ന അനുഭൂതി നൽകാനെങ്കിലും ശ്രമിക്കാമായിരുന്നു.
തമിഴിലെ ആക്ഷൻ കിംഗ് അർജുൻ സർജ മികച്ച ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഫൈറ്റ് സീനുകളിൽ ദിലീപും അർജുനും ഒപ്പത്തിനൊപ്പമാണ്. ദിലീപാകട്ടെ കുറച്ച് സ്റ്റൈലിലും ഇന്റലക്ച്വൽ ആയുമാണ് പ്രത്യക്ഷപ്പെടുന്നത്. നായികയായെത്തിയ അഞ്ജു കുര്യന് പതിവ് ദിലീപ് ചിത്രങ്ങളിലെതു പോലെ ജാക്കിന്റെ വാലിത്തൂങ്ങി നടക്കാനാണ് വിധി. ജനാർദ്ദനൻ, ഇന്നസെന്റ്, സൈജു കുറുപ്പ്, അശോകൻ, പൊന്നമ്മ ബാബു, ദേവൻ, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പിന്നെ ഒരുപിടി താരങ്ങളും ചിത്രത്തിലുണ്ട്. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്‌നും അതിഥിയായെത്തുന്നുണ്ട്. മികച്ച പശ്ചാത്തല സംഗീതം സിനിമയ്ക്കൊരു മൂഡൊക്കെ സമ്മാനിക്കുന്നുണ്ട്. ശിവകുമാർ വിജയന്റെ ഛായാഗ്രഹണവും മികച്ചതാണ്.