കഞ്ചാവ് കച്ചവടക്കാരെ പിടിക്കാൻ പോയ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും, കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും കടന്നൽ കുത്തേറ്റു. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം കഞ്ചാവ് വില്പന നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും ടീമും ചേർന്ന് അരിവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടയാണ് കടന്നൽ കുത്തേറ്റത്.എക്സൈസ് ടീം അരുവിപ്പുറം പാലത്തിന് സമീപം എത്തിയപ്പോൾ അവിടെ അഞ്ചോളം ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് സംശയം തോന്നി എക്സൈസ് ജീപ്പ് നിറുത്തി ഇൻസ്പെക്ടറും മറ്റ് ഉദ്യോഗസ്ഥരും പുറത്തിറങ്ങി പാലത്തിന് അടിഭാഗത്തേക്ക് പരിശോധന നടത്താൻ പോകുമ്പോഴാണ് കടന്നൽ ആക്രമണം ഉണ്ടാകുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ സംഭവം സ്ഥലത്തുനിന്നും റോഡിൽ കയറി ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു. ജീപ്പിനുള്ളിലും കടന്നലുകൾ കയറിയെങ്കിലും ജീപ്പ് അതിവേഗം ഓടിച്ച് ഒരു കിലോമീറ്ററോളം മാറ്റിയിട്ട് അകത്തുകയറിയ കടന്നലുകളുടെ തല്ലിക്കൊല്ലുകയായിരുന്നു. എക്സൈസ് ടീമിനെ കൂടാതെ അതുവഴി കടന്നുപോയ പല യാത്രക്കാർക്കും കടന്നൽ കുത്തേൽക്കുകയുണ്ടായി. തുടർന്ന് പരിക്കേറ്റ എക്സൈസ് ഇൻസ്‌പെക്ടർ,സിവിൽ എക്സൈസ് ഓഫീസർ ഷിജിൻ എന്നിവരെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.