കൊണ്ടോട്ടി: മലപ്പുറം പുളിക്കലിൽ സ്കൂൾ ബസ് ബൈക്കിനുമുകളിൽ മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു. ബൈക്കിൽ മുത്തച്ഛനൊപ്പം പോവുകയായിരുന്ന ഹയ ഫാത്തിമ (ആറ്) എന്ന വിദ്യാർഥിയാണ് മരിച്ചത്. വൈകീട്ട് നാലരക്ക് പുളിക്കൽ ആന്തിയൂർ കുന്നിലാണ് അപകടം. ഇതേസ്കൂളിൽ പഠിക്കുന്ന ഹയ ഫാത്തിമ മുത്തച്ഛനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിനുമുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. ഇതിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് നിസാരപരിക്കേറ്റു.