തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി ജനറൽ കൗൺസിൽ അംഗങ്ങൾ. ചെയർമാന്‍റെ സമീപനം ഏകാധിപതിയെ പോലെ ആണെന്നും എല്ലാവരോടും പുച്ഛമാണെന്നും മനോജ് കാന മാധ്യമങ്ങളോട് പറഞ്ഞു.
ചെയർമാൻ തിരുത്തണമെന്നും അല്ലെങ്കിൽ പദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും മനോജ് കാന ആവശ്യപ്പെട്ടു. ഇതിലൊരു വീട്ടുവീഴ്ചയുമില്ല. ഇത് അക്കാദമി സുഗമമായി മുന്നോട്ടു പോകാൻ വേണ്ടിയാണ്. ചെയർമാൻ ആറാം തമ്പുരാനായി നടക്കുന്നത് കൊണ്ടല്ല ചലച്ചിത്രമേള ഭംഗിയായി നടക്കുന്നതെന്നും അക്കാദമി വരിക്കാശ്ശേരി മനയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമിയുടെ 15 അംഗങ്ങളിൽ ഒമ്പത് പേരാണ് കഴിഞ്ഞ ദിവസത്തെ സമാന്തര യോഗത്തിൽ പങ്കെടുത്തത്. രഞ്ജിത് നടത്തുന്ന വില കുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾക്കെല്ലാം തങ്ങളും കൂടിയാണ് സമാധാനം പറയേണ്ടത്. അയാൾക്ക് എല്ലാവരെയും പുച്ഛമാണ്. അംഗങ്ങൾ ഓരോരുത്തരെയും വ്യക്തിപരമായി ഫോൺ വിളിച്ച് പിൻമാറ്റാൻ ശ്രമിക്കുന്നത് മാടമ്പിത്തരമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.