മുംബയ്: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ രംഗത്ത് വൻ കോളിളക്കങ്ങളാണ് നടക്കുന്നത്. ശിവസേനയുമായി വഴിപിരിഞ്ഞതിന് പിന്നാലെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്)യെ ഒപ്പം നിറുത്താനാണ് ബി.ജെ.പി ഇപ്പോൾ ശ്രമം നടത്തുന്നത്. രാജ് താക്കറെയുമായി ബി.ജെ.പി നേതൃത്വം അശയവനിമയം നടത്തിക്കഴിഞ്ഞു. മുന്‍മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാജ് താക്കറെയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. എന്നാല്‍, ഫഡ്‌നാവിസുമായി സൗഹൃദ ചര്‍ച്ച മാത്രമാണ് നടന്നതെന്നാണ് രാജ്താക്കറെ പറയുന്നത്. രാജ് താക്കറെയും ദേവന്ദ്ര ഫഡ്‌നാവിസും മുംബയ് സെന്‍ട്രലിലുള്ള ഇരുവരുടെയും പൊതു സുഹൃത്തിന്റെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, എം.എന്‍.എസുമായി സഖ്യമുണ്ടാകുമോയെന്ന കാര്യം ബി.ജെ.പിയോ ഫഡ്‌നവിസോ വ്യക്തമാക്കിയിട്ടില്ല. രാജ് താക്കറെയും മൗനത്തിലാണ്. മുംബയില്‍ ജനുവരി 23ന് എം.എന്‍.എസ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ രാജ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം. സഖ്യമായി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ പരസ്പര ധാരണകളോടെ സഖ്യമില്ലാതെ അടവുനയം സ്വീകരിച്ച് പ്രവര്‍ത്തിക്കുക എന്നിങ്ങനെ രണ്ട് വഴികളാണ് ഇരുപാര്‍ട്ടികള്‍ക്കും മുന്നിലുള്ളത്. ഔദ്യോഗികമായ സഖ്യത്തിന് ബി.ജെ.പി തയ്യാറായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മുംബയ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുടിയേറിയവര്‍ എതിരാകുമോ എന്ന ആശങ്കയും പാര്‍ട്ടിക്ക് മുന്നിലുണ്ട്. പ്രത്യേകിച്ച് ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.
2014ല്‍ തങ്ങളെ വഞ്ചിച്ചവരാണ് ബി.ജെ.പിയെന്നാണ് എം.എന്‍.എസ് പറയുന്നത്. 2014ല്‍ മോദിയെ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മോദിയെ പിന്തുണയ്ക്കാന്‍ എം.എന്‍.എസ് തയ്യാറായി. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി തുനിഞ്ഞത് എം.എന്‍.എസിന്റെ അതൃപ്തിക്ക് കാരണമായി.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുവരെ ബി.ജെ.പിയുടെ വിമർശകനായിരുന്ന രാജ് താക്കറെയാണ് ഇപ്പോൾ ദേവേന്ദ്ര ഫട്നാവിസുമൊത്ത് ചർച്ച നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വിമർശിച്ച് റാലികൾ സംഘടിപ്പിച്ച താക്കറെ സർക്കാരിന്റെ ആഭ്യന്തര, വിദേശ നയങ്ങളെയും കർഷകർക്കുള്ള ക്ഷേമപദ്ധതികളെയും രൂക്ഷമായി വിമർശിച്ചിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട ബി.ജെ.പിക്ക് ശിവസേനയെക്കാൾ കരുത്തരല്ലെങ്കിലും എം.എൻ.എസുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്.