ദില്ലി: അറബിക്കടലില്‍ സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കു കപ്പല്‍ ഇന്ത്യന്‍ നാവിക സേനയുടെ കമാന്‍ഡോകള്‍ മോചിപ്പിച്ചു. പതിനഞ്ച് ഇന്ത്യക്കാരടക്കം 21 ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍ നാവികസേന ഹെലികോപ്റ്ററില്‍ കപ്പലിനു മുകളിലൂടെ പറന്ന് കടല്‍കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോകണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. കടല്‍കൊള്ളക്കാര്‍ കപ്പല്‍വിട്ടുപോയെന്നാണ് നാവിക സേന അറിയിച്ചത്. ഇതിനു പിറകേ, സേനാംഗങ്ങള്‍ യന്ത്രത്തോക്കുകളുമായി കപ്പലിലേക്കു പ്രവേശിച്ച് ദൗത്യം പൂര്‍ത്തിയാക്കി. നാവികസേനയുടെ ഐഎന്‍എസ് ചെന്നൈ എന്ന യുദ്ധക്കപ്പലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. ഓപറേഷന്റെ ദൃശ്യങ്ങള്‍ നാവികസേന എക്സ് പ്ളാറ്റ്ഫോമിലൂടെ പുറത്തുവിട്ടു.