സർവൈവൽ അഥവാ അതിജീവനം ഇതിവൃത്തമായ മലയാള സിനിമയ്ക്കു വേണ്ടി കാത്തിരിപ്പിന് വിരാമമായി-മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത് അന്ന ബെൻ കേന്ദ്രകഥാപാത്രമാകുന്ന ‘ഹെലൻ’ ആ ഗണത്തിലെ ചിത്രമാണ്.
കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരു നഴ്സിംഗ് ബിരുദധാരിയാണ് ഹെലൻ. അച്ഛൻ മാത്രമുള്ള ഹെലൻ പാർട്ട് ടൈമായി ഒരു മാളിലെ ഫുഡ് ജോയിന്റിൽ ജോലി ചെയ്യുന്നു. അച്ഛൻ പോളിന് മകളാണ് സർവ്വതും, അതുകൊണ്ട് തന്നെ അവളുടെ കാനഡ മോഹത്തിനോട് അദ്ദേഹത്തിന് അത്ര യോജിപ്പില്ല. ഹെലന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വ്യക്തിയാണ് കാമുകനായ അസർ. അവരുടെ പ്രണയം വീട്ടിൽ അറിയിക്കാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഒരു പ്രശ്നം മറ്റൊന്നിലേക്ക് വഴിയാകുന്നു-സദാചാര പൊലീസിംഗ് മുഖേന ഹെലന്റെ ബന്ധത്തെക്കുറിച്ച് വീട്ടിൽ അറിയുകയും അച്ഛൻ മകളോട് പിണങ്ങുകയും ചെയ്യുന്നു. ഇത് മൂലം ഹെലൻ അസറിനോടും മിണ്ടാതെയാകുന്നു. കൂട്ടത്തിൽ ജോലി സ്ഥലത്ത് കിട്ടുന്ന ശകാരം കൂടിയായപ്പോൾ ഹെലൻ ആകെ തളർന്നു പോകുന്നു. അന്നേദിവസം ഫുഡ് ജോയിന്റിൽ സഹപ്രവർത്തകരെക്കാൾ താമസിച്ചാണ് ഹെലൻ ഇറങ്ങാൻ തുടങ്ങിയത്. ഇറങ്ങും മുൻപ് കോൾഡ് സ്റ്റോറേജിൽ അവൾക്ക് പോകേണ്ടതായി വരികയും നിർഭാഗ്യവശാൽ ആ മുറിക്കുള്ളിൽ അകപ്പെടുകയും ചെയ്യുന്നു. എ.സി.യുടെ തണുപ്പ് പോലും അസഹനീയമാകുന്ന സാഹചര്യമുണ്ടാകുമ്പോൾ മൈനസ് താപനിലയുള്ള ഒരു മുറിയിൽ ഒരു ജീവനും അധികനേരം അതിജീവിക്കില്ല. അക്ഷരാർത്ഥത്തിൽ മരണത്തിനെതിരെയുള്ള നേർക്കുനേർ പോരാട്ടമാണ് ഹെലൻ അവിടെ നിന്നങ്ങോട്ട് നയിക്കുന്നത്. തന്റെ അറിവും സംയമനവും മനോബലവും അവൾക്ക് തുണയാകുമോ എന്ന് കണ്ടറിയേണ്ടതാണ്.