ബിജു മേനോൻ -അജു വർഗീസ് ടീം ഒത്തുചേരുന്ന ആദ്യരാത്രി എന്ന സിനിമ മുൻസിനിമയെ പോലെ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കെട്ടാച്ചരക്കായി നിൽക്കുന്ന മാമച്ചൻ എന്ന രാഷ്ട്രീയക്കാരൻ ഒടുവിൽ തന്റെ സഹപാഠിയുടെ മകളെ വിവാഹം ചെയ്യുന്നതാണ് വെള്ളിമൂങ്ങ പറഞ്ഞത്. ഇതിന് ചെറിയൊരു വകഭേദം വരുത്തിയതോടെ ആദ്യരാത്രി ശുഭമായി.
ന്റെ സമ്മതം പോലും ചോദിക്കാതെ അച്ഛനും ചേട്ടനും കൂടി വിവാഹം തീരുമാനിക്കുകയും കല്യാണദിവസം പെണ്ണ് ഇഷ്ടപ്പെട്ടവനൊപ്പം ഒളിച്ചോടിയതിന്റെ ഷോക്കിൽ നിന്നാണ് മനോഹരൻ മുല്ലക്കരയെന്ന നാട്ടിലെ ബ്രോക്കർ മനോഹരനായി മാറിയത്. മുല്ലക്കരയിൽ ഒരു കല്യാണം നടക്കണമെങ്കിൽ അത് മനോഹരൻ വിചാരിക്കണം. സഹോദരി ഒളിച്ചോടിയതിന്റെ നാണക്കേട് മാറ്റാനാണോയെന്നറിയില്ല, കമിതാക്കളെ കണ്ടാൽ മനോഹരന് ഹാലിളകും. സഹപാഠികളായ ആണും പെണ്ണും കൂടി ഒരുമിച്ചുനിന്ന് സംസാരിക്കുന്നത് പോലും മനോഹരന് സഹിക്കില്ല. എട്ടുപൊട്ടും തിരിയാത്ത സ്കൂൾ കുട്ടികൾ കൈകോർത്ത് നടന്നാൽപ്പോലും മനോഹരന് സഹിക്കില്ലെന്ന് സാരം. അങ്ങനെയുള്ള മനോഹരന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് ഈ സിനിമയുടെ ഇതിവൃത്തം.