മറുനാടൻ മലയാളിയുടെ ഓഫിസ് പൂട്ടാൻ നിര്‍ദേശിച്ച് തിരുവനന്തപുരം നഗരസഭ നോട്ടിസ് നല്‍കി.
ആരോഗ്യവിഭാഗമാണ് നോട്ടിസ് നല്‍കിയത്. കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കെട്ടിടത്തില്‍ അനുമതിയില്ലാതെ മാറ്റം വരുത്തിയതും ഭക്ഷണം പാകം ചെയ്യുന്നതും ചോദ്യം ചെയ്‌തുകൊണ്ടായിരുന്നു ആരോഗ്യവിഭാഗത്തിന്‍റെ നോട്ടിസ്. അനധികൃത നിര്‍മാണം നടത്തിയില്ലെന്നും എന്നാല്‍ അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നുമുള്ള വൈരുദ്ധ്യമാര്‍ന്ന മറുപടിയെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്‍റെ രണ്ടാമത്തെ നോട്ടിസ് എത്തുന്നത്.
ഏഴ് ദിവസത്തിനകം ഓഫിസ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പത്തിനാണ് നോട്ടിസ് നല്‍കിയത്. ഓഫിസ് അടച്ചുപൂട്ടിയതിന് ശേഷം നഗരസഭയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കെട്ടിടം സംബന്ധിച്ച് ക്രമമാറ്റം വരുത്തിയെന്ന് നോട്ടിസില്‍ പറയുന്നു.
തിരുവനന്തപുരം പട്ടത്ത് ഒരു കെട്ടിടത്തിന്‍റെ നാലാം നിലയിലാണ് മറുനാടൻ മലയാളിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ക്രമം മാറ്റിയത് എന്തുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി മറുനാടൻ, നഗരസഭ നോട്ടിസ് നല്‍കുന്നതിന് മുൻപ് തന്നെ വിശദീകരണം നല്‍കിയതായാണ് വിവരം. കെട്ടിടം രൂപമാറ്റം വരുത്തിയതിന്‍റെ വിവരങ്ങളും വിശദീകരണത്തില്‍ ഉള്‍പ്പെടുത്തി.