സായിബാബ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 10 പേർ മരിച്ചു, അഞ്ച് പേർക്ക് പരുക്ക് ദുരന്തത്തിൽ മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ ദുഃഖം രേഖപ്പെടുത്തി 13 Jan 2023 11:46 AM റിപ്പോർട്ടർ നെറ്റ്‌വർക്ക് മഹാരാഷ്ട്ര: സായി ബാബ ഭക്തർ സഞ്ചരിച്ച സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.
അഞ്ച് പേർക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. അപകടത്തിൽ ആറ് സ്ത്രീകളും ഒരു പുരുഷനും മൂന്ന് കുട്ടികളുമാണ് മരിച്ചത്. നാസിക്കിലെ പതാർഡെയ്ക്ക് സമീപം ഷിർദ്ദിയിൽ വെച്ച് ഭക്തർ സഞ്ചരിച്ച ബസ് ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത് .
താനെയിലെ അംബർനാഥിൽ നിന്ന് അഹമ്മദ് നഗർ ജില്ലയിലെ ക്ഷേത്ര നഗരമായ ഷിർദിയിലേക്ക് ഭക്തരുമായി പോകുകയായിരുന്നു ബസ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ സിന്നാർ റൂറൽ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റവരെ പൂനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദുരന്തത്തിൽ മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ ദുഃഖം രേഖപ്പെടുത്തി. കൂടാതെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഒപ്പം പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിക്കുകയും ചെയ്തു. അപകട കാരണം അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.