വയനാട്: കൽപ്പറ്റയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുളിയാർമല കളപ്പുരയ്ക്കൽ സന്തോഷിൻ്റെ മകൻ എംഎസ് വിഷ്ണു(22) ആണ് മരിച്ചത്.
ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ആംബുലൻസിനു പിന്നാലെ സ്കൂട്ടറിൽ പോകവെയായിരുന്നു അപകടം.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.ബന്ധുവിനെ പരിചരിക്കുന്നതിനായി കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു വിഷ്ണു.
അപ്പോഴാണ് രോഗിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനമായത്. തുടർന്ന് രോഗിയെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ പിന്ദുടരുകയായിരുന്നു വിഷ്ണു.
ഇതിനിടയിൽ സ്കൂട്ടർ പാലവയിൽ വെച്ച് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അപകടം ഉണ്ടായിട്ടും ആംബുലൻസിൽ ഉണ്ടായിരുന്നവർ വിവരം അറിഞ്ഞിരുന്നില്ല.
അതുവഴി പോയിരുന്ന മറ്റു യാത്രക്കാരാണ് അപകടത്തിൽപ്പെട്ട് വിഷ്ണു റോഡിൽ കിടക്കുന്നത് കണ്ടത്. ശേഷം നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് വിഷ്ണുവിനെ മേപ്പാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചെവ്വാഴ്ച രാവിലെയാണ് വിഷ്ണു മരിച്ചത്.