
ശ്രീകാര്യം കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആറ്റിങ്ങല് സ്വദേശി ഭാസ്കരപിള്ള (68) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഒന്നര വർഷമായി കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഭാസ്കരപിള്ള. സമീപത്ത് നിർമാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്.
മൂന്നുദിവസമായി ഭാസ്കരന് പിള്ളയെ വീട്ടുകാര് ഫോണില് വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. സാധാരണ ആഴ്ചയില് ഒരിക്കല് മാത്രമാണ് ഇയാള് വീട്ടിലെത്തിയിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്ന്നാണ് ഫോണ് വിളിച്ചത്.
സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
