വെഞ്ഞാറമൂട്ടില്‍ അരിയാട്ടുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു.കാരേറ്റ് പുളിമാത്ത് ഭഗവതിക്ഷേത്രത്തിനു സമീപം പാറമുകളില്‍ താമസിക്കുന്ന ബീന(48) ആണ് മരിച്ചത്.
വെഞ്ഞാറമൂട് ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന ആരുഡിയില്‍ ഫ്ലോർ മില്ലിലെ ജീവനക്കാരിയായിരുന്നു ബീന. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം. യന്ത്രം നിർത്തുന്നതിനായി സ്വിച്ചിനടുത്തേക്കു പോകവേ സമീപത്തു കിടന്ന മരക്കഷണത്തില്‍ ചവിട്ടി ബീന വീണതാണ് അപകടത്തിനു കാരണം.
വീഴുന്നതിനിടെ കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ യന്ത്രത്തിന്‍റെ ബെല്‍റ്റില്‍ കുടുങ്ങി. തലയറ്റാണ് മരണമെന്നാണ് വിവരം. വെഞ്ഞാറമൂട് അഗ്നിരക്ഷാസേന എത്തിയാണ് യന്ത്രത്തില്‍നിന്ന്
ഇവരെ പുറത്തെടുത്തത്. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്തിട്ടുണ്ട്.
കാരേറ്റ് ജംഗ്ഷനില്‍ ചുമട്ടുതൊഴിലാളിയായ ഉണ്ണിയാണ് ബീനയുടെ ഭർത്താവ്. അടുത്ത കാലത്താണ് ബീനയും ഉണ്ണിയും വിവാഹിതയായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ബീനയുടെ മക്കള്‍: പ്രവീണ്‍, വീണ.