കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലുണ്ടായിരുന്നത് 22 ജീവനക്കാരെന്ന് വിവരം.
ഇവരില്‍ ചിലർ കപ്പലില്‍ തന്നെയുണ്ടായിരുന്ന രക്ഷാബോട്ടുകള്‍ ഉപയോഗിച്ച് രക്ഷപെട്ടു. ക്യാപ്റ്റനും എൻജിനിയർമാരും അടക്കമുള്ളവർ കപ്പലില്‍ തന്നെ തുടരുകയാണ്.
ശക്തമായ പൊട്ടിത്തെറിക്കു പിന്നാലെയാണ് കപ്പലില്‍ തീപടർന്നത്. അഞ്ചുപേർക്ക് അപകടത്തില്‍ പൊള്ളലേറ്റു. അതേസമയം, കടലില്‍ ചാടിയ നാലുപേരെ കാണാനില്ലെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളതെന്നാണ് സൂചന. തീയണയ്ക്കാനായി കോസ്റ്റ് ഗാർഡിന്‍റെ നാലു കപ്പലുകളും ഡോർണിയർ വിമാനങ്ങളും എത്തിയിട്ടുണ്ട്.
കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉള്‍ക്കടലില്‍ ബേപ്പൂർ- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊളംബോയില്‍ നിന്ന് മദർ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്ന, സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹെയ് ലൈൻസ് 503 എന്ന ഫീഡർഷിപ്പിലാണ് തീപിടിത്തമുണ്ടായത്.
അപകട സമയത്ത് മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കപ്പല്‍ സഞ്ചരിച്ചത്. യാത്ര തുടങ്ങി 11-ാം മണിക്കൂറിലാണ് അപകടം. ഇതിനു പിന്നാലെ കപ്പലില്‍ പൊട്ടിത്തെറികളുമുണ്ടായി. അപകടത്തിനു പിന്നാലെ കപ്പലിലെ 20 കണ്ടെയ്നറുകള്‍ കടലില്‍ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.