കാട്ടാക്കട ആദിശേഖർ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനാണെന്ന് കോടതി.തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടർന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
പ്രിയരഞ്ജൻ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി പിന്തുടർന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.