തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി സ്ഥാപിക്കാൻ മന്ത്രിസഭയിൽ തീരുമാനമായി. നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നൽകികൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിനുമായി 13 പുതിയ തസ്തികകൾ സൃഷ്ടിക്കും. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയാണ് വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയത്. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ. ഹരികുമാറിന്റെ സേവന കാലാവധി ദീർഘിപ്പിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോർജി നൈനാന് പുനർനിയമനം നൽകാനും തീരുമാനിച്ചു.