തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ശേഷം ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയില്‍ എത്തിക്കുകയും അതിനുശേഷം സി.പി.ഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും ചെയ്യും. തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപ യാത്രയായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. അതിനുശേഷം കാനത്തുള്ള സ്വവസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. ഡിസംബര്‍ 10 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സംസ്കാരം നടത്തുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പിപി സുനീര്‍ അറിയിച്ചു.
വൈകുന്നേരം 5.30ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്റെ വിയോഗം. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ – വനജ. മക്കൾ – സ്മിത, സന്ദീപ്.