കുളിർ മഞ്ഞിൻ കുളിരുമായി അനന്തപുരിയിൽ വസന്തമെത്തി.തലസ്ഥാന നഗരത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ പുഷ്‌പോത്സവം ഇന്നാരംഭിക്കും. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി നഗരസഭയുടെ സഹകരണത്തോടെയാണ് ‘നഗരവസന്തം’ സംഘടിപ്പിക്കുന്നത്. പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കനകക്കുന്നിലും നിശാഗന്ധിയിലും സൂര്യകാന്തിയിലുമായി ഒരുക്കുന്ന പുഷ്‌പോത്സവ പ്രദർശനത്തിലേക്ക്
നാളെ വൈകിട്ട് 3 മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്.തിരക്ക് ഒഴിവാക്കുന്നതിന് നഗരത്തിലെ 5 കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുൻവശം, മ്യൂസിയത്തിന് എതിർവശത്തുള്ള ടൂറിസം ഓഫിസ്, ജവാഹർ ബാലഭവനു മുൻവശത്തുള്ള പുഷ്‌പോത്സവ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസ്, വഴുതക്കാട് ടഗോർ തിയറ്റർ എന്നിവിടങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടാകും.
പ്രദർശനം രാത്രി ഒരു മണിവരെ നീളും. രാത്രി 12 വരെ പ്രദർശനം കാണാനുള്ള ടിക്കറ്റുകൾ ലഭിക്കും. നൂറുകണക്കിന് ഇൻസ്റ്റലേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവ കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ഇൻസ്റ്റലേഷനുകൾ കേന്ദ്രീകരിച്ചാണ് പൂക്കളും ചെടികളും ക്രമീകരിക്കുന്നത്. വിപുലമായ കട്ട് ഫ്ലവർ പ്രദർശനം,ബോൺസായ് പ്രദർശനം,അലങ്കാര മത്സ്യ പ്രദർശനം,അഡ്വഞ്ചർ ഗെയിംസ്, 9ഡി തിയറ്റർ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികൾ മാറ്റു കൂട്ടും.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617