സ്കൂൾ കുട്ടികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഗോടെക് പദ്ധതി മികച്ച മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ., പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതബിരുദം നേടിയവര്‍ക്ക് പോലും ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തത് മലയാളി വിദ്യാര്‍ഥികളുടെ ന്യൂനതയാണ്. ഇത് പരിഹരിക്കാൻ സ്കൂൾ തലം മുതലുള്ള പരിശീലനം ആവശ്യമാണ്. ഇത്തരമൊരു പദ്ധതി നടപ്പാക്കിയ ജില്ലാ പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.
ഭരണഘടനയുടെ ആമുഖം വായിച്ച് പരിപാടി തുടങ്ങിയത് നല്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് നമ്മുടെ പൂര്‍വ്വികര്‍ തയാറാക്കിയ ഭരണഘടനയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. നമ്മുടെ രാജ്യത്തിന്റെ ബഹസ്വരതയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെ ചെറുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ഓവറോൾ ചാമ്പ്യന്മാരായ ഗവ: ഗേൾസ് ഹൈസ്കൂൾ മലയിൽകീഴിലെയും റണ്ണർ അപ്പായ പി.എൻ.എം ജി.എച്ച് എസ് എസ് കുന്തള്ളൂരിലെയും വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും സ്പീക്കർ വിതരണം ചെയ്തു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗം, സ്‌റ്റാൻഡിംഗ് കൗൺസിൽ അധ്യക്ഷന്മാരായ വി.ആർ സലൂജ, എസ്. സുനിത, എം.ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ , ജില്ലാ പഞ്ചായത്തംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കെടുത്തു.