തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന കേസുകൾ സമയബന്ധിതമായി വിചാരണ ചെയ്യാൻ ഓരോ ജില്ലയിലും ഒരു കോടതിക്ക് പ്രത്യേക ചുമതല. കേസന്വേഷണം 60 ദിവസത്തിനകം പൂർത്തിയാക്കണം. അതിന് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥൻ. ഇത്തരം വ്യവസ്ഥകൾ അടങ്ങിയ ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ.വന്ദനാദാസ് കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. അത്യാഹിതവിഭാഗത്തിൽ അധികസുരക്ഷ ഉൾപ്പെടെ ഡോക്ടർമാരുടെ സംഘടനകൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ചട്ടപ്രകാരം നിബന്ധനകൾ കൊണ്ടുവരും.
2012ലെ കേരള ആരോഗ്യ രക്ഷാ, സേവന പ്രവർത്തകരും ആരോഗ്യരക്ഷാ, സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലെ രണ്ട്, നാല് വകുപ്പുകളിലെ വ്യവസ്ഥകളിലാണ് ഭേദഗതി. ആ നിയമത്തിൽ മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ മാത്രമാണ് ആരോഗ്യ പ്രവർത്തകരായി അംഗീകരിച്ചിരുന്നത്. ഏത് കുറ്റത്തിനും മൂന്നു വർഷം വരെ തടവും 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്തിരുന്നു. ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയാണ് ഭേദഗതിയുടെ കരട് തയ്യാറാക്കിയത്.
# കടുത്ത ദേഹോപദ്രവം:
ഏഴുവർഷം തടവറ
1. ആരോഗ്യരക്ഷാ, സേവന പ്രവർത്തകരെ കഠിനമായി ദേഹോപദ്രവമേല്പിച്ചാൽ കുറഞ്ഞത് ഒരു വർഷം മുതൽ പരമാവധി 7 വർഷം വരെ തടവും ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
2. ആക്രമിക്കുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവും 50,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ.
#നിയമസംരക്ഷണം കിട്ടുന്നവർ
നിലവിൽ
ആരോഗ്യ രക്ഷാസേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താത്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ.
ഉൾപ്പെടുത്തിയത്
പാരാമെഡിക്കൽ വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ. അടിയന്തര സന്ദർഭങ്ങളിൽ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ. “പൊതുസുരക്ഷയുമായും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയുമായും ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകൾ ആവശ്യമെങ്കിൽ ചട്ടപ്രകാരം നിർണയിക്കുന്നതിനുള്ള ഉടമ്പടി ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ഓർഡിനൻസിന്റെ പരിധിയിൽ സെക്യൂരിറ്റി, മാനേജീരിയൽ സ്റ്റാഫുകളെയടക്കം ഉൾപ്പെടുത്തിയതിൽ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജിലുൾപ്പെടെ രോഗികളുടെ ബന്ധുക്കളെ യാതൊരു പ്രകോപനവും ഇല്ലാതെ സെക്യൂരിറ്റി ജീവനക്കാർ കൈയേറ്റം ചെയ്ത സംഭവങ്ങൾ വിവാദമായിരുന്നു. ഇത്തരം സംഭവങ്ങളിൽ നിയമം ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഉള്ളതായി വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.