കിഴക്കേകോട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടൽ പൂട്ടിച്ചു. ഇന്നലെ വെെകിട്ടായിരുന്നു സംഭവം. ഹോട്ടൽ ശ്രീപദ്മനാഭയിൽ ഫോർട്ട് പൊലീസ് സ്‌റ്റേഷനിലെ രണ്ട് വനിത പൊലീസുകാർക്ക് നൽകിയ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നടപടി. ഇവർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഹോട്ടലുകാരുടെ ഭാഗത്തു നിന്ന് മോശം പ്രതികരണമാണുണ്ടായതെന്ന് പൊലീസുകാർ പറയുന്നു. തുടർന്ന് ഹെൽത്ത് വിഭാഗത്തിൽ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. പരിശോധനസംഘം എത്തിയപ്പോഴേക്കും ഹോട്ടൽ അടച്ച് കഴുകി വൃത്തിയാക്കുന്ന നിലയിലായിരുന്നു. ഭക്ഷണത്തിന്റെ ബാക്കിയും ഇവിടെ നിന്ന് മാറ്റിയതായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഹോട്ടൽ വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ ഉടൻ ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകി. പ്രോജക്ട് സെക്രട്ടേറിയറ്റിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് സുധാകറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരാതിയും പരിശോധനയിൽ കണ്ടെത്തിയവിവരങ്ങളും അടങ്ങിയ ഫയൽ ഫോർട്ട് ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ കടയുടമയ്ക്ക് ഇന്ന് നോട്ടീസ് നൽകും.