തിരുവനന്തപുരം: ‘ബെവ് ക്യൂ’ മദ്യവിതരണ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്കോ മാനേജിങ് ഡയറക്ടറുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ മദ്യവിപണനം എന്നുതുടങ്ങുമെന്നതില്‍ ധാരണയാകും.
ഉപഭോക്താവിന്റെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് മദ്യശാലകളില്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ . തുടങ്ങിയ നിബന്ധനകളുമുണ്ട്. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മദ്യവിപണനമെന്നാണ് സർക്കാർ പറയുന്നത്.