വയനാട്: മാനന്തവാടി കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ജീവനക്കാരൻ മരിച്ചു. വെള്ളച്ചാലിൽ പോൾ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയ്ക്കാണ് കാട്ടാന പോളിനെ ആക്രമിച്ചത്. ജോലിക്ക് പോകവെ ഇയാൾ ആനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. ഭയന്നോടുന്നതിനിടെ നിലത്ത് വീണ പോളിനെ കാട്ടാന ചവിട്ടി. കാട്ടാനയുടെ ആക്രമണത്തിൽ പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞ് ഇവിടെത്തിയ സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈകിട്ട് 3.25-ഓടെയായിരുന്നു മരണം സംഭവിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനാണ് വിപി പോൾ.