തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായതോടെ കേരളത്തിലെ മഴ സാധ്യതയും കുറയുന്നു. ജനുവരി ആദ്യ ആഴ്ചയിൽ ശക്തമായ മഴക്കുള്ള സാധ്യത ഇനിയില്ലെന്നാണ് കാലാവസ്ഥ പ്രവചനം നൽകുന്ന സൂചന. ഈ മാസം ആറാം തിയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പെങ്കിലും ശക്തമായ മഴക്കുള്ള സാധ്യതയില്ലെന്നാണ് വ്യക്തമാകുന്നത്.
ഇന്നും നാളെയും 2 ജില്ലകളിൽ മാത്രമാണ് സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് .നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതലെന്നാണ് പ്രവചനം.
തെക്ക് – കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായി. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദം പാത്തി സ്ഥിതി ചെയ്യുന്നു. അടുത്ത 4 – 5 ദിവസം കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 4 മുതൽ 6 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 05.01.2024: ഇടുക്കി, പാലക്കാട് 06.01.2024: തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.