മധ്യവയസിലെ ലൈംഗികജീവിതം സ്ത്രീകളിലെ ആർത്തവവിരാം വൈകിപ്പിക്കുമെന്ന് ഏറ്റവും പുതിയ പഠനം. പതിവായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് മധ്യവയസ്‌കരായ സ്ത്രീകളിൽ ആർത്തവ വിരാമം വൈകിപ്പിക്കാനും യുവത്വം നിലനിർത്താനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. റോയൽ സൊസൈറ്റി ഓപൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഒരേ പ്രായ ഗണത്തിലുള്ള മധ്യവയസ്‌കരായ സ്ത്രീകളിലാണ് സംഘം പഠനം നടത്തിയത്. ഇവരിൽ പതിവായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരിൽ ആർത്തവ വിരാമം വൈകിമാത്രമാണ് സംഭവിക്കുന്നതെന്ന് കണ്ടെത്തി. പതിവായി സെക്സിലേർപ്പെടാത്ത മധ്യവയസ്‌കരായ സ്ത്രീകളിൽ വേഗത്തിൽ ആർത്തവ വിരാമം സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതായി പഠന റിപ്പോർട്ടിൽ പറയുന്നു.
മാസത്തിൽ ഒരു തവണ മാത്രം സെക്‌സിലേർരപ്പെടുന്ന സ്ത്രീകളെ അപേക്ഷിച്ച് ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീകളിൽ ആർത്തവ വിരാമത്തിനുള്ള സാധ്യത 28 ശതമാനം കുറവാണെന്നും ഗവേഷകർ പറയുന്നു.
നിരന്തരമായി ലൈംഗികജീവിതം ഇല്ലാതാകുന്നതോടെ ശരീരം ഗർഭധാരണത്തിനുള്ള സാധ്യത പൂർണമായും തള്ളിക്കളയുന്നതാണ് ലൈംഗികജീവിതം ഇല്ലത്തവർക്കിടയിൽ ആർത്തവവിരാമം നേരത്തെ എത്തുന്നതിനു കാരണമെന്ന് ഈ പഠനം പറയുന്നു.
നേരത്തെ നടത്തിയ ചില പഠനങ്ങളിൽ അവിവാഹിതരായ സ്ത്രീകളെയും വിവാഹമോചിതരെയും അപേക്ഷിച്ച്, വിവാഹിതരായ സ്ത്രീകളിൽ ആർത്തവവിരാമം വൈകിയാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ആണ് പുതിയ പഠനം.
മധ്യവയസ്സിനോട് അടുക്കുന്ന ഒരു സ്ത്രീ സെക്‌സിലേർപ്പെടുന്നത് കുറയ്ക്കുകയോ അല്ലെങ്കിൽ സെക്‌സ് ഒഴിവാക്കുകയോ ചെയ്യുന്നതോടെ ശരീരം ഗർഭധാരണത്തിന്റെ ശാരീരിക സൂചനകൾ സ്വീകരിക്കാതാകുന്നത് ആർത്തവ വിരാമം വേഗത്തിലാക്കാൻ കാരണമാകുന്നുവെന്ന് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടനിലെ ശാസ്ത്രജ്ഞരായ മെഗാൻ അർനോറ്റ്, റൂത്ത് മെയ്‌സ് എന്നിവർ ചേര്‍ന്നെഴുതിയ പഠനത്തിൽ പറയുന്നു
വിവാഹിതരായ സ്ത്രീകള്‍ക്ക് വിവാഹിതരോ വിധവകളോ ആയ സ്ത്രീകളേക്കാള്‍ വൈകി ആര്‍ത്തവ വിരാമം എന്തു കൊണ്ടു സംഭവിക്കുന്നു എന്നതു സംബന്ധിച്ചു മുൻപും പഠനങ്ങൾ നടന്നിട്ടുണ്ട്. പുരുഷ ഫോർമോണിന്റേയും ഇണയെ സ്വാധീനിക്കാൻ ഉത്സർജിക്കപ്പെടുന്ന രാസ വസ്തുക്കളുടേയും സ്വാധീനമാണ് വിവാഹിതരായ സ്ത്രീകളിൽ ആർത്തവ വിരാമം വൈകാൻ കാരണമായി ഈ പഠനങ്ങൾ പറയുന്നത്. ഈ കണ്ടെത്തലുകൾ എത്രത്തോളം ശരിയാകുമെന്നു സംബന്ധിച്ചാണ് മെഗാനും റൂത്തും ദീർഘകാലം നീണ്ട പുതിയ പഠനം നടത്തിയത്. ഇതിനായി 1996ലും 97ലുമായി ഇവർ യുഎസിലെ 3000 സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചു പഠിച്ചു.
പതിറ്റാണ്ടിലേറെ നീണ്ട ഈ പഠനത്തിനിടെ ഈ സ്ത്രീകളുടെ ജൈവപരവും ശാരീരികവും മാനസികവുമായ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും വിവരം ശേഖരിക്കുകയും ചെയ്തു. പഠനവിധേയരായ സ്ത്രീകളുടെ ശരാശരി പ്രായം 46 ആയിരുന്നു. ഇവരിൽ ആർക്കും ആര്‍ത്തവ വിരാമം സംഭവിച്ചിരുന്നില്ല. പഠന കാലയളവിനിടെ ഇവരിൽ 45 ശതമാനം സ്ത്രീകളിലും ശരാശരി 52ാം വയസിൽ ആർത്തവവിരാമം സംഭവിച്ചു. ഇവരിൽ 78 ശതമാനം പേരും വിവാഹിതരോ അല്ലെങ്കിലും പുരുഷന്മാരുമായി നിരന്തര ബന്ധമുള്ളവരോ ആയിരുന്നു. 68 ശതമാനം പേരും അവരുടെ പങ്കാളികളോടൊപ്പം കഴിയുന്നവരുമായിരുന്നു.