ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഓസീസ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം 15 പന്ത് ബാക്കിനിൽക്കെ ഇന്ത്യ നേടി. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മയും ക്യാപ്റ്റൻ വിരാട് കൊഹ്ലിയും മികച്ച രീതിയിലാണ് ബാറ്റേന്തിയത്. 128 പന്തുകൾ നേരിട്ട രോഹിത് ആറു സിക്‌സും എട്ടു ഫോറുമടക്കം 119 റൺസെടുത്താണ് പുറത്തായത്. ശ്രേയാസ് അയ്യർ 44 റൺസെടുത്ത് പുറത്താകാതെ നിന്നു.
കൊഹ്ലി 91 പന്തിൽ 89 റൺസെടുത്ത് മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പുറത്തായത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ആസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് കങ്കാരുപ്പട 286 റൺസിലെത്തിയത്. 132 പന്തുകള്‍ നേരിട്ട സ്മിത്ത് ഒരു സിക്‌സും 14 ഫോറുമടക്കം 131 റണ്‍സെടുത്തു. അലക്‌സ് കാരി (35), ഡേവിഡ് വാർണര്‍ (3), ആരോണ്‍ ഫിഞ്ച് (19), മിച്ചല്‍ സ്റ്റാർക്ക് (0), ആഷ്ടണ്‍ ടേണർ (4), പാറ്റ് കമ്മിൻസ് (0), ആദം സാംപ (1) എന്നിങ്ങനെയാണ് മറ്റു ഓസീസ് ബാറ്റ്സ്മാൻമാരുടെ സംഭാവന.മുഹമ്മദ് ഷമി ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ രണ്ടും കുൽദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഈ മത്സരം വിജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.