തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു കേന്ദ്രത്തില്‍ മില്‍ക്ക് ബാങ്ക് ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വളരെയധികം കുഞ്ഞുങ്ങള്‍ക്ക് മില്‍ക്ക് ബാങ്ക് സഹായകരമായി. ഈ പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് എസ്.എ.ടി. ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക് ആരംഭിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ഏറ്റവുമധികം പ്രസവം നടക്കുന്ന രണ്ട് ആശുപത്രികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജും എസ്.എ.ടി. ആശുപത്രിയും. എസ്.എ.ടി.യിലും, തൃശൂര്‍ മെഡിക്കല്‍ കോളേജിലും മില്‍ക്ക് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരവും സൗഹൃദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് മില്‍ക്ക് ബാങ്ക് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതുവരെ 1813 കുഞ്ഞുങ്ങള്‍ക്കാണ് ഇതിലൂടെ മുലപ്പാല്‍ നല്‍കാനായത്. 1397 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്. 1,26,225 എംഎല്‍ മുലപ്പാല്‍ ശേഖരിച്ചു. 1,16,315 എംഎല്‍ മുലപ്പാല്‍ വിതരണം ചെയ്തു. 1370 എംഎല്‍ കൂടി വിതരണം ചെയ്യാന്‍ തയ്യാറായി.