കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ കിട്ടിയ കാലമൊക്കെ ഇനി വെറും പഴങ്കഥകളായി മാറും…ഏറെ നാളുകൾക്ക് ശേഷം ടെലികോം വിപണിയിൽ നിരക്ക് വർദ്ധനയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെയുണ്ടായ നഷ്ടം നികത്താനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും വേണ്ടിയാണ് ടെലികോം കമ്പനികൾ അടിയന്തരമായി നിരക്ക് വർദ്ധിപ്പിക്കുന്നത്. കമ്പനികൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളിയും നിരക്ക് വർദ്ധനയ്ക്ക് ഒരു തരത്തിൽ കാരണമാവുന്നു. വോഡാഫോൺ,ഐഡിയ, എയർടെൽ എന്നീ കമ്പനികളാണ് നിരക്ക് വർദ്ധനയ്ക്ക് ഒരുങ്ങുന്നത്. ഡിസംബർ ആദ്യവാരത്തോടെ നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, രാജ്യത്തെ ടെലികോം കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സർക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിപണിയിലേക്ക് വമ്പൻ ഓഫറുകളുമായി രംഗത്തുവന്ന റിലയൻസ് ജിയോയുമായുള്ള കടുത്ത മൽസരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയർടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോൺ-ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെയായിരുന്നു.
സുപ്രീം കോടതി ഉത്തരവനുസരിച്ചു സർക്കാരിന് നൽകാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയർടെൽ ജൂലായ് സെപ്റ്റംബർ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോൺ ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.