വെറും 800 രൂപ മതി. വീട്ടിലെ നാല് വൈദ്യുത ഉപകരണങ്ങൾ നൂറു മീറ്റർ പരിധിയിലിരുന്ന് പ്രവർത്തിപ്പിക്കാം. വൈദ്യുതി ലാഭിക്കാം. വീട് ഹൈടെക്കായി മാറുകയും ചെയ്യും. മാറുന്ന ലോകത്തിന് മുതൽക്കൂട്ടാകുന്ന മാനവിന്റെയും ആദിത്യന്റെയും കണ്ടുപിടിത്തത്തിന് തൃശൂർ കുന്നംകുളത്ത് ആരംഭിച്ച ശാസ്ത്ര മേളയിൽ എ ഗ്രേഡിന്റെ തിളക്കം.
തിരുവനന്തപുരം കിളിമാനൂർ ഗവ. എച്ച്.എസ്.എസിലെ പത്താംക്ളാസ് വിദ്യാർത്ഥികളാണ് ഇരുവരും. ഒരു റിമോട്ടും റിസീവറും അടങ്ങുന്നതാണ് എഫിഷ്യന്റ് സ്വിച്ച് ഡിവൈസ് എന്ന പേരിലുള്ള സംവിധാനം. ഒമ്പത് വാട്ടിന്റെ ഒരു ബാറ്ററിയും വോൾട്ടേജ് റെഗുലേറ്ററും മറ്റു ചില ഇലക്ട്രോണിക് സാധനങ്ങളും കൊണ്ട് രൂപപ്പെടുത്തിയതാണ് റിമോട്ട്. റിമോട്ടിൽ വർക്ക് ചെയ്യേണ്ട സാധനങ്ങൾ റിസീവറുമായി ബന്ധിപ്പിക്കണം.
റേഡിയോ, ടേബിൾ ഫാൻ, മൊബൈൽ ചാർജർ, കംപ്യൂട്ടർ മോണിറ്റർ എന്നിവയുടെ പ്രവർത്തനമാണ് റിമോട്ട് ഉപയോഗിച്ച് ഇരുവരും ഇന്നലെ നിയന്ത്രിച്ചത്. മടിമൂലം എഴുന്നേറ്റ് വൈദ്യുതോപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യാൻ മടിയുള്ളവർക്ക് എഫിഷ്യന്റ് സ്വിച്ച് ഡിവൈസ് ഉപകാരപ്പെടും. കിളിമാനൂർ ചെമ്മരത്ത്മുക്ക് മയൂരം വീട്ടിൽ വിശ്വംഭരന്റെ മകനാണ് മാനവ്. കേശവപുരം സുനിൽ ഭവനിൽ അനിൽ ബാബുവിന്റെ മകനാണ് ആദിത്യൻ.