ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച് പൊതുപ്രവർത്തകൻ സഞ്ചരിച്ചത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ. ഇദ്ദേഹത്തിന്റെ യാത്രാവിവരങ്ങൾ അമ്പരപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിപുലമായ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക വളരെ നീളമേറിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കൊറോണ ബാധിതൻ സഞ്ചരിച്ചു. ഫെബ്രുവരി 29ന് തിരുവനന്തപുരത്ത് എത്തി ഹോട്ടലിൽ തങ്ങിയ ശേഷം സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുത്തു. തുടർന്ന് കാട്ടാക്കടയിലേക്ക് കെ.എസ്.ആർ.ടി.സി ബസിലും അവിടെനിന്ന് അമ്പൂരിയിലേക്ക് സ്കൂട്ടറിലും പോയി. രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ ഹോട്ടലിൽ മടങ്ങിയെത്തിയ ശേഷം പത്തരയോടെ കെ.എസ്.ആർ.ടി.സി ബസിൽ ഇടുക്കിയിലേക്ക് യാത്രതിരിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ തൊടുപുഴ, പെരുമ്പാവൂർ, മൂന്നാർ, എറണാകുളം, മൂവാറ്റുപുഴ, ഷോളയൂർ എന്നിങ്ങനെ യാത്ര ചെയ്ത സ്ഥലങ്ങളുടെ പട്ടിക നീളുകയാണ്. മാർച്ച് 11ന് തിരുവനന്തപുരത്തെത്ത് വീണ്ടുമെത്തിയ ശേഷം എം.എൽ.എ ഹോസ്റ്റലിൽ തങ്ങി. രാവിലെ ആറുമണി മുതൽ വൈകിട്ട് മൂന്നുമണി വരെ ഇദ്ദേഹം ഹോസ്റ്റലിൽ ഉണ്ടായിരുന്നതായി റൂട്ട് മാപ്പിൽ പറയുന്നു. രാത്രിയോടെ പെരുമ്പാവൂരിലേക്ക് മടങ്ങി..
സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം തുടങ്ങി ഇയാൾ സന്ദർശിച്ച ഇടങ്ങളുടെ പട്ടിക നീളമേറിയതാണ്. ഇയാൾ സന്ദർശിച്ചവരിൽ ഭരണാധികാരികളുണ്ട്, ജനപ്രതിനിധികളുണ്ട്, ഉന്നത ഉദ്യോഗസ്ഥരുണ്ട്, സമൂഹത്തിന്റെ വിവിധ മേഖലകളിലും പെട്ടവരുണ്ട്. എല്ലാവരും ജാഗ്രതയോടെ കഴിയേണ്ട സാഹചര്യത്തിൽ ഈ സമീപനമാണോ ഒരു പൊതുപ്രവർത്തകനിൽനിന്ന് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കൊറോണ ഏറെ അകലെയല്ല. അത് വരാതിരിക്കാൻ സ്വന്തമായി ആദ്യം ശ്രദ്ധിക്കുകയാണു വേണ്ടത്. അകലം പാലിക്കാൻ പറയുമ്പോൾ അടുത്തുനില്ക്കുന്ന രീതിയാണ് പലപ്പോഴും കാണുന്നത്. ഇത് സംസ്കാരസമ്പന്നമായ കേരള സമൂഹത്തിനു ചേർന്ന രീതിയല്ല. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ട ഘട്ടത്തിൽ ചില അനാവശ്യ സമരങ്ങൾ കേരളം കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇടുക്കിയിലെ കൊറോണ ബാധിതന്റെ റൂട്ട് മാപ്പ്