കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് ട്രെയിൻ കയറിയതോടെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. നിർമ്മാണ മേഖലയും പ്രതിസന്ധിയിലാണ്. കൊറോണ മുൻകരുതലിന്റെ ഭാഗമായ നടപടികളിൽ ആശങ്കപ്പെട്ടാണ് ഭായിമാർ ഒന്നാകെ നാടുപിടിക്കുന്നത്. കൊറോണ സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള ചില വ്യാജ പ്രചാരണങ്ങളും ഇവരെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും അന്യസംസ്ഥാന തൊഴിലാളികൾ പലരും വീട്ടിലേക്ക് മടങ്ങുന്നത് കാണാമായിരുന്നു.
പല ട്രെയിനുകളും റദ്ദാക്കിയതും ഇവരിൽപലരേയും ആശങ്കപ്പെടുത്തി. അടുത്തകാലത്തെങ്ങും വീട്ടിലേക്ക് മടങ്ങാൻ കഴിയില്ലേ എന്ന സംശയത്തിൽ പലരും കിട്ടുന്ന ട്രെയിനുകളിൽതന്നെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. കൊറോണ ആശങ്കയിൽ നഗരങ്ങളിൽ തിരക്കൊഴിഞ്ഞതിന് പുറമെയാണ് തൊഴിലാളികളുടെ ക്ഷാമവും ഹോട്ടൽ വ്യവസായത്തെ തളർത്തുന്നത്. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഹോട്ടലുകളിൽ പകുതിയും അടച്ചിടുകയോ അടച്ചിടലിന്റെ വക്കിലെത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. പാചകം മുതൽ ശുചീകരണം വരെയുള്ള പല ജോലികളിലും ഹോട്ടൽ വ്യവസായികൾ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നുണ്ട്.