തിരുവനന്തപുരം: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ മൂന്നാം ദിനമായ മാര്‍ച്ച് 3-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4.30ന് സ്ത്രീകള്‍ പങ്കെടുക്കുന്ന ഇരുചക്രവാഹന റാലി സംഘടിപ്പിച്ചിരിക്കുന്നു. വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്നുമാണ് ഇരുചക്രവാഹന റാലി ആരംഭിയ്ക്കുക. സ്ത്രീകള്‍ക്ക് സ്വതന്ത്രവും നിര്‍ഭയവും സുരക്ഷിതവുമായ സഞ്ചാര സ്വാതന്ത്ര്യമുറപ്പാക്കല്‍, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ നിതാന്ത ജാഗ്രതയുണര്‍ത്തല്‍, തുല്യ നീതി അവസര സമത്വം എന്നിവ എല്ലാ മേഖലകളിലും നടപ്പിലാക്കല്‍ തുടങ്ങിയ സന്ദേശമുള്‍ക്കൊള്ളുന്നതാണ് റാലി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാനവീയം വീഥിയിലെ നീര്‍മാതളച്ചുവട്ടില്‍ റാലി എത്തിച്ചേരും. തുടര്‍ന്ന് വിവിധ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ഈ പരിപാടി വലിയ വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു.