ഇന്നു മുതല്‍ ഹെല്‍മറ്റ് പരിശോധന സംസ്ഥാനത്ത് കര്‍ശനമാക്കുമെന്ന് കേരള പൊലീസ്.

0
329

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിലെ യാത്രക്കാര്‍ ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇത്രനാള്‍ ഹെല്‍മറ്റ് പരിശോധന കര്‍ശനമായിരുന്നില്ല. ഇതുവരെ ബോധവത്കരണത്തിനാണ് പൊലീസ് പ്രാധാന്യം നല്‍കിയത്. എന്നാല്‍, ഇന്നു മുതല്‍ ഹെല്‍മറ്റ് പരിശോധന സംസ്ഥാനത്ത് കര്‍ശനമാക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.ഇരുചക്രവാഹനം ഓടിക്കുന്ന വ്യക്തിക്കൊപ്പം യാത്രക്കാരും ഇന്നു മുതല്‍ കര്‍ശനമായി ഹെല്‍മറ്റ് ധരിക്കണം. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കനത്ത പിഴയാണ് ഇവര്‍ക്ക് ചുമത്തുക. സംസ്ഥാനത്തുടനീളം ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കും.

അതേസമയം, ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ ഓപ്പറേഷന്‍ ഹെഡ് ഗിയര്‍ എന്ന പരിപാടിയുമായി തിരുവനന്തപുരം സിറ്റി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ബോധവത്ക്കരണം നടത്തിയിട്ടും പിന്‍സീറ്റിലെ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇന്നു മുതല്‍ 30 ദിവസത്തേക്ക് പ്രത്യേക പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്.ഹെല്‍മറ്റ് ധരിക്കാത്തവര്‍ വാഹനത്തിലുണ്ടെങ്കില്‍ ഉടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ഈടാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കി. നിയമലംഘനങ്ങള്‍ തടയാന്‍ 85 സ്‌ക്വാഡുകളാണ് സംസ്ഥാനത്തുള്ളത്