ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എസ്.എസ്.എൽ.സി. ഐ.റ്റി. പ്രായോഗിക പരീക്ഷ താളം തെറ്റാൻ സാധ്യത. സർവീസിൽ നിന്ന് വിരമിച്ചവർക്കും, അന്തർജില്ലാ സ്ഥലം മാറ്റം കിട്ടി പോയവർക്കും, പ്രമോഷൻ ലഭിച്ച് ഹെഡ്മാസ്റ്റർ ആയവർക്കും വരെ ഇൻവിജിലേഷൻ ഡ്യൂട്ടി ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു സ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷാ ചുമതല വഹിക്കുന്ന ചീഫ് സൂപ്രണ്ടിന് മറ്റൊരു സ്കൂളിൽ ഇൻവിജിലേഷൻ ഡ്യൂട്ടി, ഒരു അധ്യാപകന് മൂന്നു സ്കൂളിൽ ഒരേ സമയം ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയും ഉണ്ട്. വനിതാ അധ്യാപകർ പോലും ഇരുപത് കിലോമീറ്റർ യാത്ര ചെയ്ത് ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണ്. ഇതിനെതിരെ അധ്യാപകർ ഒന്നടങ്കം പ്രതിഷേധത്തിലാണ്. കൈറ്റിലെ ജില്ലാ ഓഫീസിലെ കെടുകാര്യസ്ഥതയും ആഭ്യന്തര പ്രശ്നങ്ങളുമാണ് ഈ പ്രതിസന്ധിക്ക് കാരണം. പ്രശ്നം പരിഹരിച്ചില്ലായെങ്കിൽ പരീക്ഷാ നടത്തിപ്പ് തന്നെ അവതാളത്തിലാകുന്ന അവസ്ഥയാണ്. അടിയന്തിരമായി ഈ പ്രശ്നം പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ. ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.