ആലുവ ഫസ്റ്റ് ക്ലാസ് ജ്യൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ മജിസ്ട്രേറ്റിന്റെ ചേമ്പറിനുള്ളിൽ പാമ്പുകളെ കണ്ടതിനെ തുടർന്ന് ഉച്ചവരെ കോടതിയുടെ പ്രവർത്തനം നിശ്ചലമായി. മജിസ്‌ട്രേറ്റും ജീവനക്കാരും അഭിഭാഷകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെയാണ് പാമ്പ് ആശങ്കയിലാക്കിയത്.ഇന്നലെ രാവിലെ കോടതിമുറികൾ വൃത്തിയാക്കാനെത്തിയ ജീവനക്കാരി സുജാതയാണ് വെള്ളിവരയനെന്നുവിളിക്കുന്ന പാമ്പിനെ മജിസ്‌ട്രേറ്റിന്റെ ചേമ്പറിനുള്ളിൽ കണ്ടെത്തിയത്. ജീവനക്കാർ പിടികൂടിയ ചെറിയ പാമ്പിനെ തീയില്ലിട്ടു കൊന്നു. എന്നാൽ ഇതിനൊപ്പമുണ്ടായിരുന്ന വലിയ പാമ്പിനെ പിടികൂടാൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പലകകൾക്ക് ഇടയിലേക്ക് പോയ വലിയ പാമ്പിനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരവധി അലമാരികളും കേസ് ഫയലുകളും സൂക്ഷിച്ചിരിക്കുന്നതിനാൽ അവയ്ക്കുള്ളിൽ കയറി പാമ്പ് രക്ഷപ്പെട്ടു. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്‌സ് റേഞ്ച് ഓഫീസർ ജെ.ബി. സാബുവും സംഘവുമെത്തി മജിസ്‌ട്രേറ്റിന്റെ ചേമ്പറിലും ഡയസിലും പുറത്തും ഉൾപ്പെടെ ഒരു മണിക്കൂറോളം പരിശോധിച്ചെങ്കിലും പാമ്പിനെ കിട്ടിയില്ല.
പാമ്പ് ഭീതിയിൽ കോടതി നടപടികൾ തടസപ്പെട്ടതോടെ റിമാൻഡ് കേസുകളും പ്രത്യേക പ്രധാന്യമുള്ള കേസുകളും മറ്റൊരിടത്തേക്ക് മാറ്റി തീർപ്പാക്കി. പന്ത്രണ്ടരയോടെ കോടതിയുടെ പ്രവർത്തനം ആരംഭിച്ചു. കേസുകൾ ഭൂരിഭാഗവും അവധിക്ക് വെച്ചു