പോത്തൻകോട്: അറുത്തു മാറ്റിയിട്ടും തൽസ്ഥാനത്തുതന്നെ വച്ചിരുന്ന ഗ്രില്ലിൽ അറിയാതെ ചാരിനിന്ന കടയുടമയായ സ്ത്രീക്ക് പതിനേഴടി താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം. പോത്തൻകോട് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ‘ഫേബുലസ് സ്റ്റിച്ചിങ് സെന്റർ’ ഉടമയും പതിപ്പള്ളിക്കോണം ഫേബുലസ് ഹൗസിൽ സന്തോഷ് കുമാറിന്റെ ഭാര്യയുമായ ടി.ബിന്ദു (44) വാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിക്കാണ് അപകടം നടന്നത്. കടയിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നുമാണ് ബിന്ദു വീണത്. ഉച്ചയ്ക്ക് ഊണ് കഴിച്ചതിന് ശേഷം കൈകഴുകാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.
ബിന്ദുവിന്റെ തയ്യൽക്കടയ്ക്ക് സമീപത്തായി കൺസ്യൂമർ ഫെഡിന്റെ ശാഖ പുതുതായി പ്രവർത്തിക്കുന്നുണ്ട്. കൺസ്യൂമർ ഫെഡിലെ സാധനങ്ങൾ ഒന്നാം നിലയിലെത്തിക്കാനായി തയ്യൽക്കടയുടെ സമീപത്തെ ഗ്രില്ല് ബുധനാഴ്ച രാവിലെ അറുത്തു മാറ്റിയിരുന്നു. അറുത്തിട്ടും ഇത് തൽസ്ഥാനത്ത് തന്നെ വച്ചിരുന്നു. വിവരം ബിന്ദു അറിഞ്ഞതുമില്ല. പതിവുപോലെ ഉച്ചയ്ക്ക് ആഹാരം കഴിച്ച് കൈകഴുകാനായി അവിടെയെത്തിയപ്പോൾ ഗ്രില്ലിൽ ചാരി നിന്നു. ഗ്രിൽ ഇളകി മാറുകയും പതിനേഴടി താഴ്ചയിലേക്ക് ബിന്ദു വീഴുകയും ചെയ്തു. നാട്ടുകാർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അപർണയാണ് ബിന്ദുവിന്റെ മകൾ. മരുമകൻ: ജിജോ കുര്യൻ.
മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോത്തൻകോട് പോലീസ് പറഞ്ഞു. സംഭവം കഴിഞ്ഞ് കൺസ്യൂമർ ഫെഡ് അധികൃതർ സ്ഥലത്തെത്തി ഗ്രിൽ പൂർവ സ്ഥിതിയിലാക്കുകയും ചെയ്തു.
ആറ്റിങ്ങൽ ബൈപാസ്, സർക്കാരും ദേവസ്വം ബോർഡും തുറന്ന പോരിലേയ്ക്കോ ?
https://www.facebook.com/varthatrivandrumonline/videos/1270817516595502/