കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ 19 ആയി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന സിനോബിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. മരിച്ചവരുടെ വിവരങ്ങൾ പൂർണമായും ലഭ്യമായിട്ടില്ല. പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചിട്ടുണ്ട്. നാൽപതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.
കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വ്യോമയാന മന്ത്രിക്ക് ഡിജിസിഎ നൽകിയിട്ടുണ്ട്. പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക തകരാറുകൾ വിമാനത്തിനില്ല. വിമാനം റൺവേയിലേക്ക് എത്തുമ്പോൾ മോശം കാലാവസ്ഥയായിരുന്നു. റൺവേയിൽ കൃത്യമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ മുഴുവൻ പേരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ടുമണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.
കരിപ്പുർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അപകടത്തിൽപ്പെട്ട് മരിച്ച ക്യാപ്ടൻ ദീപക് സാഥെ 30 വർഷത്തെ പ്രവർത്തന പരിചയമുള്ള പൈലറ്റ്. വ്യോമസേനയിൽ 12 വർഷത്തെ സർവീസിനു ശേഷം ജോലി രാജിവച്ചാണ് സാഥെ യാത്രാ വിമാനങ്ങൾ പറത്താനെത്തിയത്.
മഹാരാഷ്ട്രയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും 1980ൽ പുറത്തറങ്ങിയ സാഥെ വ്യോമസേനയിൽ എക്സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റായിരുന്നു. എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നും സ്വോര്‍ഡ് ഓഫ് ഹോണര്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിൽ എത്തുന്നതിന് മുൻപ് എയര്‍ബസ് 310 ന്റെ പൈലറ്റായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബ സമേതം മുംബെയിലായിരുന്നു താമസം.
എയർപോർട്ട് കൺട്രോൾ റും നമ്പർ 0483 2719493, 2719321, 2719318, 2713020, 8330052468.
“കയ്യടിക്കടാ മക്കളെ കയ്യടിക്ക്…..” ഇത് കേരളത്തിന് ആറ്റിങ്ങലിന്റെ മാതൃക
https://www.facebook.com/varthatrivandrumonline/videos/214636726621172/