മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചു. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ ആകലെയുള്ള ഇവിടെ 83 പേരാണ് ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 70 തോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ 10പേരെ മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
രക്ഷാപ്രവർത്തനത്തിനായി പൊലീസും മറ്റ് സേനാ വിഭാഗങ്ങളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. രക്ഷാ പ്രവർത്തനത്തിന് സജ്ജീകരണം ഒരുക്കിയതായി മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്. ദേശിയ ദുരന്തനിവാരണ സേനയും പുറപ്പെട്ടിട്ടുണ്ട്. ഇടുക്കിയിൽ എയർലിഫ്റ്റിംഗിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു.