ഒമാൻ സുൽത്താന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിച്ച് മലയാള നാട്ടിലെ ക്ഷേത്രത്തിൽ അന്നദാനമൊരുക്കുന്നു. കോഴിക്കോട് എടച്ചേരി ശ്രീ കാക്കന്നൂർ ക്ഷേത്രത്തിലാണ് ഇന്ന് ഉച്ചയ്ക്ക് അന്നദാനം നടത്തുന്നത്. ക്ഷേത്രത്തിലെ പ്രസിദ്ധമായ തിറ മഹോത്സവത്തിന്റെ സമാപന ദിനത്തിലാണ് 4,500 പേർക്കുള്ള സദ്യയൊരുക്കുന്നത്. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ ഓർമ്മയ്ക്കായി ഒമാനിലെ പ്രവാസി മലയാളി കൂട്ടായ്മയാണ് അന്നദാനം നടത്തുന്നത്.
തെയ്യം തിറയുള്ള ക്ഷേത്രത്തിൽ നാനാജാതി മതസ്ഥരും ഒട്ടുമിക്ക ചടങ്ങുകളിലും പങ്കെടുക്കാറുണ്ട്. സുൽത്താന്റെ ഓർമ്മയ്ക്കായി പ്രവാസികൾ അന്നദാനം നടത്താൻ തയ്യാറായപ്പോൾ ക്ഷേത്ര ഭാരവാഹികൾ അതിനെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തു. എടച്ചേരിക്കാരായ പ്രവാസികൾ മാത്രമല്ല, മറ്റ് ജില്ലകളിലുള്ള പ്രവാസികളും ചേർന്നാണ് അന്നദാനത്തിനുള്ള തുക കണ്ടെത്തിയത്. സുൽത്താൻ നേരത്തെ രോഗബാധിതനായി കിടപ്പായപ്പോഴും രോഗശാന്തിക്കായി ഇവിടെ പ്രവാസികളുടെ സഹകരണത്തോടെ അന്നദാനവും വഴിപാടുകളും നടത്തിയിരുന്നു. അന്ന് 65,000 രൂപയാണ് ക്ഷേത്രത്തിൽ അന്നദാനം നടത്താനായി പ്രവാസികൾ സംഭാവന നൽകിയത്. ജനുവരി 29ന് ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് തുടക്കമായിരുന്നു.
ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന്റെ രോഗശാന്തിക്കായി വഴിപാടും അന്നദാനവും ക്ഷേത്രത്തിൽ നടത്തിയിരുന്നു. മനുഷ്യസ്‌നേഹിയായ സുൽത്താന്റെ ദേഹവിയോഗത്തിൽ മലയാളികളടക്കം ദുഃഖിക്കുന്നു. ആ നല്ല മനുഷ്യന്റെ ആത്മശാന്തിക്കായി നാടിന് അന്നദാനമൊരുക്കാൻ പ്രവാസി സുഹൃത്തുക്കൾ ക്ഷേത്രത്തെ സമീപിക്കുന്നത് അഭിമാനമായി തോന്നുന്നു. ഈ മതമൈത്രീ എല്ലായിടത്തും വ്യാപിക്കട്ടെ.