
ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തിയത് വീഡിയോ നീക്കാൻ പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാൻ പൊലീസ് കസ്റ്റഡിയില്‍.ഡോക്ടറില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്. ഈ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ ‘ചങ്ങാതിക്കൂട്ടം’ എന്ന സോഷ്യല്‍ മീഡിയ പേജില്‍ സുഹൈല്‍ ഷാജഹാൻ നേരത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ നീക്കം ചെയ്യുന്നതിന് പത്ത് ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസിൻ്റെ നിർദേശപ്രകാരം പണം നല്‍കാമെന്നും ആശുപത്രിയിലേക്ക് വരാനും സുഹൈല്‍ ഷാജഹാനോട് ഉടമ ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്ന് രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിയപ്പോള്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
