തിരുവനന്തപുരം: രാജസ്ഥാനിലെ വനിത ശിശു വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ശിശുക്കളുടെ ക്ഷേമത്തിനായി കേരളം ഫലപ്രദമായി നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ച് നേരിട്ടറിയാനാണ് സംഘം എത്തിയത്. സ്ത്രീകളുടേയും കുട്ടികളുടേയും പോഷണക്കുറവ് പരിഹരിക്കുന്നതിന് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ വിശദ വിവരങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. പോഷണക്കുറവ് പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ സമ്പൂര്‍ണ തളിക മാതൃകയാണെന്ന് സംഘം വിലയിരുത്തി.
പോഷകമൂല്യമുള്ള ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാനായി കേരളം നടപ്പിലാക്കുന്ന ഫോര്‍ട്ടിഫൈഡ് അരി, ഫോര്‍ട്ടിഫൈഡ് അമൃതം ന്യൂട്ടിമിക്‌സ്, യു.എച്ച്.ടി. മില്‍ക്ക് എന്നിവയെല്ലാം രാജസ്ഥാനിലും നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെന്ന് സംഘം പറഞ്ഞു. ഇതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
രാജസ്ഥാന്‍ വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കൃഷ്ണകാന്ത് പതക്ക്, യു.എന്‍. വേള്‍ഡ് ഫുഡ് പ്രോഗ്രാം ഹെഡ് ബിഷോ പരഞ്ജുലി എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ചര്‍ച്ച നടത്തിയത്.