മഹാശൃംഖലയ്‌ക്കിടയിൽ യുവാവിന്റെ ആത്മഹത്യാശ്രമം.

0
219

പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയ്ക്കിടയിലേക്ക് വന്ദേമാതരം വിളിച്ചെത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി അജോയ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാർന്നൊഴുകി അവശനിലയിൽ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിഅമ്മ, കെ.രാജു, ബിനോയ് വിശ്വം എം.പി, എം.എൽ.എമാരായ കെ.ബി.ഗണേശ്കുമാർ, മുല്ലക്കര രത്നാകരൻ, എം.മുകേഷ്, വിവിധ ഇടത് മുന്നണി നേതാക്കൾ എന്നിവർ ചിന്നക്കടയിൽ ശ്യംഖല സൃഷ്ടിച്ച ശേഷം പ്രതിജ്ഞ ചൊല്ലാൻ തുടങ്ങുമ്പോഴാണ് ഇവർക്കു മുന്നിലേക്ക്‌ യുവാവ് പാഞ്ഞെത്തിയത്. കത്തി ഉപയോഗിച്ച് ഇടത് കൈ ഞരമ്പ് മുറിച്ചശേഷം ഇരുകൈകളും മുകളിലേക്ക് ഉയർത്തി വന്ദേമാതരം വിളിച്ച് ഓടിയടുത്ത യുവാവിനെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീടാണ് കൈഞരമ്പ് മുറിച്ചിട്ടുണ്ടെന്ന് മനസിലായത്. ഉടനെ ജില്ലാ ആശുപത്രിയിലേക്ക് പൊലീസ് വാഹനത്തിൽ കൊണ്ടുപോയി. ഇയാളുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അല്പനേരം പ്രകോപനമുണ്ടായെങ്കിലും എൽ.ഡി.എഫ് പ്രവർത്തകരും നേതാക്കളും പ്രതിജ്ഞ ചൊല്ലി പൊതുസമ്മേളനത്തിലേക്ക് കടന്നു.