കാഴ്ചകൾ തേടിപ്പോയി മരണത്തിലേക്ക് ഉറങ്ങിയവർ ഉറ്റവരുടെ തോരാക്കണ്ണീരിലേക്ക് മടങ്ങിയെത്തി. ഇനി ഓർമ്മകളിലേക്ക് ഇന്നിന്റെ പകൽയാത്ര. നേപ്പാളിൽ വിനോദയാത്രയ്ക്കിടെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന് കുരുന്നുകളുടെയും മൃതദേഹങ്ങൾ ഇന്നലെ രാത്രി വൈകി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രവീണിന്റെ സഹോദരീ ഭർത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാർമഠം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചത്.
പ്രവീണിനും കുടുംബത്തിനുമൊപ്പം ദാമനിൽ മരണമടഞ്ഞ കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ നിന്ന് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഡൽഹിയിൽ എത്തിച്ചതേയുള്ളൂ.ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കുക. കുന്ദമംഗലത്ത് പുനത്തിൽ വീട്ടുവളപ്പിൽ വൈകിട്ട് അഞ്ചിനാണ് സംസ്കാരം.പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ ഇന്നലെ അർദ്ധരാത്രിയോടെയാണ് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചത്. ജില്ലാ കളക്ടറും പ്രവീണിന്റെ ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. രാവിലെ ആറുമണിയോടെ മൃതദേഹങ്ങൾ അഞ്ച് ആംബുലൻസുകളിൽ വിലാപയാത്രയായി ചെങ്കോട്ടുകോണത്തെ വീട്ടിൽ എത്തിച്ചു