ചൈനയിൽ പടരുന്ന കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളിൽ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ കർശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളുരു, ഹൈദരാബാദ് എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ.ചൈനയിൽ 220 പേരിലാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ നാലുപേർ ഇതുവരെ മരിച്ചു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ചൈനയിലെ വുഹാൻ നഗരത്തിൽ ന്യൂമോണിയക്ക് കാരണമായ കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിരുന്നു. ഡിസംബറിൽ വുഹാനിൽ കണ്ടെത്തിയ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതായാണ് കണ്ടെത്തൽ. വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതായി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് പുതുവത്സരം ആഘോഷിക്കുന്നതിനായി ചൈനക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ വൈറസ് അതിവേഗം വ്യാപിക്കുമെന്നാണ് ആശങ്ക.