
കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച് കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.
തെലങ്കാന സ്വദേശി വിജയകുമാർ നല്‍കിയ പരാതിയില്‍ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷിനെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. വിജയകുമാർ ഡയറക്ടറായ കമ്പനിയുടെ വാർഷികലാഭത്തിന്റെ 50 ശതമാനം റോഷ്‌നിയുടെ പേരിലേക്ക് ഭീഷണിപ്പെടുത്തി മാറ്റിയും വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് ഉള്‍പ്പെടെ കൈക്കലാക്കിയുമായിരുന്നു തട്ടിപ്പ്.
സംഭവം ഹണിട്രാപ്പാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.വിദേശത്തേക്കുള്ള റിക്രൂട്ടിങ്, ഉപരിപഠനസഹായം എന്നിവ നല്‍കുന്ന കമ്പനി നടത്തുകയാണ് വിജയകുമാർ. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശാഖകളുണ്ട്. ഇവയുടെ മാനേജരായാണ് റോഷ്‌നി സ്ഥാപനത്തിലെത്തുന്നത്. ഇതിനിടെ വിജയകുമാറുമായി അടുത്തു. 2023 ജൂണില്‍ യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞ് വിജയകുമാറിന്റേതാണെന്നും ബന്ധം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതിരിക്കാൻ കമ്പനിയുടെ 50 ശതമാനം ലാഭം തന്റെ പേരിലേക്ക് മാറ്റണമെന്നും യുവതി ആവശ്യപ്പെടുകയും ഇത് നടപ്പാക്കുകയും ചെയ്തു.
തുടർന്ന് വിജയകുമാറിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് സാമൂഹികമാധ്യമങ്ങള്‍ വഴി വീഡിയോ കോള്‍ വിളിച്ച പ്രതികള്‍ കുട്ടിയുടെ പിതൃത്വം പറഞ്ഞ് ഭീഷണി തുടരുകയും ഭാര്യയെയും കുഞ്ഞിനെയും തട്ടിയെടുത്ത് പെണ്‍വാണിഭസംഘത്തിന് വില്‍ക്കുമെന്ന് പറയുകയും ഇതൊഴിവാക്കാൻ കമ്പനിയുടെ ശേഷിക്കുന്ന ലാഭവിഹിതംകൂടി ആവശ്യപ്പെടുകയും ചെയ്തു.
ഭീഷണി തുടർന്നതോടെ വിജയകുമാർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്. വിജയകുമാറുമായി എറണാകുളത്തെ ക്ഷേത്രത്തില്‍വെച്ച് വിവാഹം നടന്നതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉള്ളതായി റോഷ്‌നി പോലീസിനെ അറിയിച്ചിട്ടുണ്ട്. റോഷ്‌നി നേരത്തേയും വിവാഹം കഴിച്ചിട്ടുള്ളതായി വിവരമുണ്ടെന്ന് പോലീസ് അറിയിച്ചു. വഞ്ചിയൂർ എസ്.എച്ച്.ഒ. പുഷ്പകുമാറാണ് അന്വേഷണോദ്യോഗസ്ഥൻ. മറ്റ് പ്രതികളും ഇവരുടെ കൂട്ടാളികളുമായ ജിബിൻ, ഉണ്ണിമോള്‍ ജിബിൻ, അഭിഷേക് എന്നിവർക്കായി അന്വേഷണം തുടരുകയാണ്.
