ഡി.ജി.പി ജേക്കബ് തോമസിനെതിരെ വീണ്ടും സംസ്ഥാന സർക്കാർ രംഗത്ത്. എ.ഡി.ജി.പിയായി തരംതാഴ്‌ത്താനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച നിർദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായിരിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരിക്കൽ കൂടി സർക്കാർ വിശദീകരണം തേടും. സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനും, ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിനും ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ജേക്കബ് തോമസിന് നേരെ മുമ്പും സർക്കാർ അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തിയത്. സർവീസ് കാലഘട്ടത്തിൽ ഗുരുതരമായ വീഴ്ച ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ വർഷം മേയിൽ സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ പുതിയ നടപടി.