ലോകമാതൃഭാഷാ ദിനമാണ് ഫെബ്രുവരി 21. ലോകമാതൃഭാഷയോ ? അങ്ങനെ ഒന്നുണ്ടോ? ഇല്ല. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. അപ്പോള്‍ ലോകമാതൃഭാഷാ ദിനം എന്നതുകൊണ്ട് എന്താവാം ഉദ്ദേശിക്കുന്നത്?
ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന, ഒരര്‍ത്ഥത്തില്‍ ഭാഷകളുടെ സമത്വത്തെ, സാഹോദര്യത്തെ പ്രഖ്യാപിക്കുന്ന ദിനമാണത്. അങ്ങനെ നോക്കുമ്പോള്‍ ലോകമാതൃഭാഷ എന്നത് ലോകത്തിലെ മാതൃഭാഷകളെയെല്ലാം ചേര്‍ത്ത് പറയുന്ന ഏകവചനമാണെന്നു വരുന്നു. രണ്ടായിരമാണ്ടിലാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിനം പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്.
എന്താണ് ഫെബ്രുവരി-21 ന്റെ പ്രത്യേകത? 1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന, ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍ അതായതു ഇന്നത്തെ ബംഗ്ലാദേശ്, അവരുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്.
മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകളായിരുന്നു. 1952 ഫെബ്രുവരി 21-നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ മരിച്ചു വീണു. മറ്റൊരു ഭാഷയ്‌ക്കെതിരായ സമരമായിരുന്നില്ല ഇത്. തങ്ങളുടെ മാതൃഭാഷ ഔദ്യോഗികഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള സമരമായിരുന്നു. ഇവിടെ ഭാഷ ഒരു പൗരാവകാശ പ്രശ്‌നമായി മാറുന്നു എന്നു കാണാം. ഒരു പ്രദേശത്തെ, രാജ്യത്തെ ജനതയ്ക്ക് അവരുടെ ഭാഷയില്‍ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന തിരിച്ചറിവ് നമുക്കിപ്പോഴും കൈവന്നിട്ടില്ല.
ഭാഷകള്‍ മരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാതൃഭാഷ സംരക്ഷിക്കുന്നതിനാണ് ഈ ദിനാചരണം. കവിത ചോരുമ്പോള്‍ സംസ്‌കാരം ചോരും. ഭാഷ നശിക്കുമ്പോള്‍ സംസ്‌ക്കാരം നശിക്കും.ഓരോ ഭാഷയും സംസ്‌ക്കാരത്തിന്റെ ചിഹ്നമാണ് അടയാളമാണ്. മനുഷ്യ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതു് ഭാഷയിലാണ്.’ അക്ഷര സംഘാത നിബദ്ധം മര്‍ത്യ ചരിത്ര വിഹാരമെന്നാണ് ചരിത്രത്തെ കവി അടയാളപ്പെടുത്തിയത്. ലോകത്ത് ആയിരക്കണക്കിന് ഭാഷകള്‍. ഏഴായിരത്തിലധികം വരുമെന്നാണ് ഒരു കണക്ക് .അവയില്‍ മാസത്തിലൊരിക്കല്‍ ഒരു ഭാഷയെങ്കിലും ഇല്ലാതാവുന്നുവെന്നാണ് നിരീക്ഷണം പെറ്റമ്മയും മാതൃഭാഷയും ഒന്നാണ്.
“ആറു മലയാളിക്ക് നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല’’
കുഞ്ഞുണ്ണി മാഷുടെ കവിത പോലെ മലയാളിക്കിന്നു മലയാളമില്ല. ‘ എനക്ക് കൊഞ്ചം കൊഞ്ചം മലയാളം തെറിയും” എന്നു സങ്കടത്തോടെ പറഞ്ഞിരുന്ന കാലം മാറി. ഇന്ന് മലയാളിയുടെ കൊച്ചുമക്കള്‍ കൈയില്‍ റിമോട്ടും പിടിച്ചു നെഞ്ചും വിരിച്ചു പറയുന്നു : I don’t know malayalam . മലയാളി ഒരുപ്പാട് മാറി. എല്ലാ തലത്തിലും എല്ലാ അര്‍ത്ഥത്തിലും. എങ്കിലും നാലാള്‍ മുന്നില്‍ നമ്മെ സംസ്‌കാരോന്നതിയില് കൈ പിടിച്ചു നിര്‍ത്തുന്നത്, നമ്മെ നാമാക്കിയ നമ്മുടെ ഭാഷ, മലയാളമാണ്. ഭാഷ പകര്‍ന്നു നല്‍കിയ വെളിച്ചമാണ്, സംസ്‌ക്കാരമാണ്. അമ്മ, അറിവിന്റെ ആദ്യാക്ഷരം ഹരിശ്രീ കുറിച്ചതും പിന്നീട് അമ്മയുടെ മടിയില്‍കിടന്നു കഥകള്‍കേട്ട് ഉറങ്ങുമ്പോഴും സ്വപ്നങ്ങളില്‍ വര്‍ണം ചാലിച്ചതും ഇണക്കങ്ങളിലും പിണക്കങ്ങളിലും ചിന്തയും എഴുത്തിലും എല്ലാം നമ്മെ വിളക്കിചേര്‍ത്ത്, പൊന്നിന്റെ ശോഭയില്‍ മുന്നോട്ടു നയിച്ചത് നമ്മുടെ പെറ്റമ്മ, നമ്മുടെ മലയാളമാണ്.
നമുക്ക് മുന്‍പേ ഒരു തലമുറയുണ്ടായിരുന്നു. സ്വന്തം അമ്മയ്ക്കും മാതൃഭാഷയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയിരുന്നുവര്‍. സംസ്‌കാരമെന്തെന്ന് വള്ളിപുള്ളി തെറ്റാതെ എന്താണെന്നറിഞ്ഞവര്‍. മലയാളം പഠിക്കുക എന്ന് പറഞ്ഞാല്‍ ഒരു ഭാഷ പഠിക്കുക എന്നു മാത്രമല്ല അര്‍ഥം. നമ്മുടെ മാതൃസംസ്‌കാരത്തിന്റെ സത്ത് ആസ്വദിക്കുക എന്നതാണ്. ആ സംസ്‌കാരത്തെ- ആ സംസ്‌കാരത്തിന്റെ ഭാഷയായ മലയാളത്തെ- അവഗണിക്കുക എന്നു പറഞ്ഞാല്‍ നാടും മൂടും മറക്കുക എന്നാണ് അര്‍ഥം. അതില്‍ മാതാപിതാക്കന്മാര്‍ അഭിമാനിക്കുകയും കൂടി ചെയ്യുക എന്ന് പറഞ്ഞാല്‍ അതില്‍പരം ഒരധഃപതനം നമുക്ക് സംഭവിക്കാനില്ല. മലയാളത്തെ അവഗണിക്കുന്ന മലയാളി നമുക്കൊരു അപമാനമാണ്.ഈ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തില്‍ അമ്മ മലയാളത്തെ ഹൃദയത്തോട് ചേർക്കാം. ഇന്ന് മാത്രമല്ല മലയാളി ഉള്ളിടത്തോളം കാലം മലയാളം ഉള്ളിടത്തോളം കാലം അമ്മ മലയാളത്തെ നമുക്ക് ഹൃദയത്തോട് ചേർക്കാം.
ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/462028265576672