കോട്ടയം: എരുമേലി കണമലയിൽ രണ്ടുപേരുടെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലില്ലെന്ന് വനംവകുപ്പ്. മയക്കു വെടിവയ്ക്കാനാണ് നിർദേശം വെടിവച്ച് കൊല്ലുന്നതിന് വെെൽഡ് ലെെഫ് വാർഡന്റെ പ്രത്യേക അനുമതി വേണം. വനം- വന്യജീവി നിയമപ്രകാരം ഷെഡ്യൂൾഡ് 1ൽ ഉൾപ്പെടുന്നതാണ് കാട്ടുപോത്ത്, കടുവയടക്കമുള്ളവ. ഈ ഗണത്തിൽ ഉൾപ്പെടുന്നവയെ വെടിവച്ചുകൊല്ലുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ട്. ചീഫ് വെെൽഡ് ലെെഫ് വാർഡന്റെ പ്രത്യേക അനുമതിയില്ലാതെ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനാവില്ലെന്നും വനംവകുപ്പ് അറിയിച്ചു. എന്നാൽ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനാണ് കളക്ടർ ഉത്തരവ് നൽകിയതെന്നും അതേത്തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറിയതെന്നും കർഷകരും നാട്ടുകാരും പറഞ്ഞു.
കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ ആക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് കളക്‌ടർ ഡോ പി കെ ജയശ്രീയുമായി നടത്തിയ ചർച്ചയിൽ പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും കണമലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ ഉത്തരവിറക്കുകയും ചെയ്തു. ഒപ്പം മരണമടഞ്ഞവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. സി ആർ പി സി 133 പ്രകാരമാണ് കളക്ടറുടെ ഉത്തരവ് വന്നത്. എന്നാല്‍ ഈ വകുപ്പില്‍ വന്യജീവി എന്നു പറയുന്നില്ല. അക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാമെന്നാണ് അതില്‍ പറയുന്നത്. അതുകൊണ്ടുതന്നെ കളക്ടറുടെ ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുന്നു.
ഉത്തരവിൽ നിന്ന് പിന്മാറുന്ന പക്ഷം തോമസിന്റെ മൃതദേഹവുമായി പ്രതിഷേധിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. വൈകുന്നേരം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മൃതദേഹം കണമല കവലയിലെത്തിച്ച് തുടര്‍പ്രതിഷേധമുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു.