നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ നിലപാട് അറിയിച്ചു. തുടരന്വേഷണം വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. തുടരന്വേഷണം ത്വരിതഗതിയില്‍ മുന്നോട്ട പോകുകയാണെന്നും വൈകാതെ തീരുമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
അനന്തമായി അന്വേഷണം നീട്ടികൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാലചന്ദ്ര കുമാര്‍ നാല് വര്‍ഷം എവിടെയയായിരുന്നുവെന്നും കോടതി ചോദിച്ചു. മാര്‍ച്ച് 1ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടേ എന്ന് ചോദിച്ച കോടതി ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും ആരാഞ്ഞു…
തുടരന്വേഷണവുമായി ബന്ധപ്പെട്ട ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. എന്തിനാണ് ദിലീപ് തുടരന്വേഷണത്തിന് തടസം നില്‍ക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു. തുടരന്വേഷണം റദ്ദാക്കരുതെന്ന് നടി ആവശ്യപ്പെട്ടു. കേസിലെ പരാതിക്കാരി ഞാനാണ്. എന്റെ വാദം കേട്ട ശേഷം മാത്രമേ ഹര്‍ജിയില്‍ വിധി പറയാവൂ എന്നായിരുന്നു നടിയുടെ അഭ്യര്‍ഥന.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ശേഷമാണ് തുടരന്വേഷണം വന്നത് എന്നാണ് ദിലീപിന്റെ ആക്ഷേപം. ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ സംഭവങ്ങളെല്ലാം ഉണ്ടായത്. അന്വേഷണ സംഘം ഇല്ലാക്കഥകള്‍ മെനയുകയാണ്. തുടരന്വേഷണം എന്ന പേരില്‍ പുനരന്വേഷണമാണ് നടക്കുന്നതെന്നും ദിലീപ് ചൂണ്ടിക്കാട്ടി. കാലതാമസം ഉള്ളതു കൊണ്ട് അന്വേഷണം നടത്താതിരിക്കാനാകില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കിക്കൂടെ എന്ന് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്ര പ്രത്യേകത. ഇത്രമാത്രം അന്വേഷിക്കാന്‍ എന്താണുള്ളതെന്നും കോടതി ചോദിച്ചു. തുടരന്വേഷണം അന്തിമഘട്ടത്തിലാണ് എന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു.
20 സാക്ഷികളുടെ മൊഴിയെടുത്തു കഴിഞ്ഞു. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഇനി ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയും ചില പ്രതികളെ ചോദ്യം ചെയ്യലുമാണ് അവശേഷിക്കുന്നതെന്നും പ്രസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തുടരന്വേഷണം ഇപ്പോള്‍ തന്നെ രണ്ടുമാസമായി. ഇനി എത്ര സമയം വേണമെന്ന് കോടതി ചോദിച്ചു. അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഒരാളുടെ മൊഴി പരിശോധിക്കാന്‍ എന്തിനാണ് ഇത്രയും സമയം. ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകത. ബാലചന്ദ്രകുമാര്‍ നാല് വര്‍ഷം എവിടെയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കിയില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ നിന്ന് 81 പോയിന്റുകള്‍ ലഭിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ അന്വേഷത്തിലേക്ക് നയിച്ചത്. ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടു, ദിലീപ് വീട്ടില്‍ വച്ച് നടി ആക്രമിക്കപ്പെട്ട വീഡിയോ കണ്ടു, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നിവയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍.
ഏതായാലും ഈ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ അതൃപ്തി അറിയിച്ചിരിക്കുകയാണ് കോടതി. അനന്തമായി നീളുന്ന ഈ കേസ് എവിടെയെത്തി നിൽക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങളും.
മറ്റൊരു ഇന്റീരിയർ വിസ്മയം തീർത്ത് വീണ്ടും KONCEPT DEKOR
https://www.facebook.com/varthatrivandrumonline/videos/655066392364969