“ലോകത്ത് യുദ്ധം ഇല്ലാതാകണമെങ്കിൽ സ്ത്രീ,പുരുഷ, ജാതി,മത ഭേദമന്യേ സർവ്വർക്കും പരമ രസികൻ വരട്ടുചൊറി വരണം.ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ സമാധാനപൂർണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല”-വൈക്കം മുഹമ്മദ് ബഷീറിന്റെ വരികളാണ്.യുദ്ധത്തെക്കുറിച്ച് ഇത്ര തീഷ്ണവും രസകരവുമായ മറ്റൊരു വാചകം കണ്ടെത്തുക പ്രയാസകരമാണ്.
ആർക്ക് വേണ്ടിയാണ് രാജ്യങ്ങൾ തമ്മിൽ അടിക്കുന്നത്? എന്തിനുവേണ്ടിയാണ് സാധാരണക്കാരുടെ ജീവനുകൾകൂടി കവർന്നെടുക്കുന്നത്? യുദ്ധം കൊണ്ട് ആർക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നത്? ചരിത്രം പരിശോധിച്ചാൽ ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല എന്ന് കാണാൻ കഴിയും.റഷ്യയും യുക്രൈനും തമ്മിലടിക്കുമ്പോൾ നമുക്കെന്ത് നഷ്ടം എന്ന് ചിന്തിക്കുന്നവരാണ്, യുദ്ധം രണ്ട് രാജ്യങ്ങൾ തമ്മിൽ ആണെങ്കിലും പരിണിതഫലം അനുഭവിക്കേണ്ടിവരുന്നത് നമ്മൾ കൂടിയാണെന്ന ബോധവും തിരിച്ചറിവും കൂടി നമുക്കുണ്ടാകണം.
ഞങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നും യുദ്ധമല്ല എന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്‌കി ആവർത്തിച്ച് പറഞ്ഞിട്ടും റഷ്യ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. യുക്രൈൻ പ്രസിഡന്റ് എന്റെ ആ വാക്കുകൾ പതിച്ചത് ബധിരമായ കാതുകളിൽ ആയിരുന്നു. വാർത്ത കാണുന്ന പലരും ചിന്തിക്കുകയും ചോദിക്കുകയും ചെയ്ത ഒരു ചോദ്യമാണ് എന്തിനായിരുന്നു ഇപ്പോൾ യുദ്ധം?
ഭൂമിശാസ്ത്രപരമായി നാറ്റോയുടെ കിഴക്കൻ യൂറോപ്പിലൂടെ റഷ്യയിലേക്കുള്ള കടന്നുകയറ്റ പാതയാണ് യുക്രൈൻ. കിഴക്കൻ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെപ്പോലെ, യുക്രൈൻ നാറ്റോയിൽ ചേരുന്നത്, റഷ്യയുടെ നിലനില്‍പ്പിന്‍റെ പ്രശ്‌നമാണ്. അമേരിക്കൻ നേതൃത്വത്തിൽ നാറ്റോ, മിസൈൽ ഉൾപ്പെടെയുള്ള സൈനിക സന്നാഹങ്ങൾ യുക്രൈയിനിൽ കേന്ദ്രീകരിക്കുന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.ചരിത്രപരമായും സാംസ്‌കാരികപരമായും യുക്രൈൻ തങ്ങളുടെ ഭാഗമാണെന്നാണ് റഷ്യയുടെ വാദം. സോവിയറ്റ് യൂണിയന്‍റെ പ്രതാപകാലത്തെ അനുസ്‌മരിപ്പിക്കുന്ന സ്വാധീനവും സുരക്ഷയുമാണ് യുക്രൈൻ പടയൊരുക്കത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നത്. യുക്രൈൻ ഒരിക്കലും നാറ്റോയുടെ അംഗമാകരുതെന്നും കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളായ പോളണ്ടിലും റുമേനിയയിലും റഷ്യയെ ലക്ഷ്യമിട്ട് വിന്യസിച്ചിരിക്കുന്ന മിസൈൽ ഉൾപ്പടെയുള്ള സൈനിക സന്നാഹങ്ങൾ പിൻവലിക്കണമെന്നുമാണ് റഷ്യയുടെ ആവശ്യം. പുടിൻ വിഭാവനം ചെയ്യുന്ന റഷ്യൻ സുരക്ഷ, യുക്രൈനെ വരുതിയിലാക്കുന്നതോടോ സാധ്യമാകും.
യുക്രൈനിന്‍റെ വിമത പ്രദേശങ്ങളിലേക്ക് റഷ്യ സൈന്യത്തെ ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ലോക രാജ്യങ്ങള്‍ ഇരു ചേരികളിലുമായി നിലയിറപ്പിച്ചു. യുക്രൈനിലെ വിമത മേഖലയ്ക്ക് പുറമെ റഷ്യയ്ക്ക് പിന്തുണയുമായി ചൈനയും പാകിസ്ഥാനുമാണ് പ്രത്യക്ഷത്തിലുള്ളത്. ലോകത്തിലെ മറ്റു രാജ്യങ്ങളെല്ലാം റഷ്യയുടെ അധിവേശത്തിനെതിരെയോ നിഷ്‌പക്ഷമോ ആയ നിലപാടോ ആണ് സ്വീകരിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുദ്ധത്തിന് മുൻപ് തന്നെ റഷ്യയിലെത്തി. പര്യടനത്തിന്‍റെ ഭാഗമായി പുടിനുമായി ഇമ്രാൻ ഖാന്‍ മോസ്കോയിൽ വച്ച് ചർച്ച നടത്തും. 23 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. അതത്ര ചെറിയ കാര്യമല്ല റഷ്യയുടെ താത്പര്യങ്ങളിലും സുരക്ഷയിലും വിട്ടുവീഴ്‌ചയില്ലെന്ന് ആവർത്തിച്ച് പ്രസിഡന്‍റ് വ്ളാദിമർ പുടിൻ. റഷ്യയ്ക്ക് മേൽ ഉപരോധം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് പുടിന്‍റെ പ്രതികരണം. റഷ്യ എല്ലായ്പ്പോഴും തുറന്നതും സത്യസന്ധവുമായ ചർച്ചകൾക്ക് തയാറായിരുന്നുവെന്നും തന്‍റെ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പുടിൻ പറഞ്ഞിട്ടുണ്ട്.
ഈ യുദ്ധം എങ്ങനെയാണ് ലോകത്തെ ബാധിക്കുന്നത് ? എങ്ങനെയാണ് ഇന്ത്യയെ ബാധിക്കുന്നത് ?
യുദ്ധഭീതി പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയുള്‍പ്പെടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ന് വിപണി തുറന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 10 ലക്ഷം കോടിയിലധികം രൂപയാണ്. 2413 ഓഹരികളുടെ വില ഇടിയുകയായിരുന്നു. വെറും 355 ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇത് നാലാം ദിവസമാണ് വിപണിയില്‍ കനത്ത ഇടിവ് തുടരുന്നത്.
തിങ്കളാഴ്ച മോസ്‌കോയുടെ ഓഹരി വിപണി സൂചികകള്‍ 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ നാല് ശതമാനത്തിന്റെ ഇടിവ് കൂടി രേഖപ്പെടുത്തിയതോടെ ഈ വര്‍ഷത്തെ വിപണിയുടെ ആകെ നഷ്ടം 20 ശതമാനം കടന്നു. ഇത് വരുംദിവസങ്ങളില്‍ ഇനിയും വര്‍ധിക്കാനിടയുണ്ടെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ശീതയുദ്ധ കാലത്ത് റഷ്യയാണ് യൂറോപ്പിലേക്ക് ഇന്ധനം വിതരണം ചെയ്തിരുന്നത്. ക്രിമിയ പിടിച്ചടക്കിയതിന് ശേഷവും ഇത് തുടർന്നിരുന്നു. വ്യാവസായിക രംഗത്ത് തങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതൊന്നും റഷ്യ ചെയ്യാനിടയില്ല. അതുകൊണ്ട് തന്നെ ഇന്ധ്‌ന വിതരണം നിർത്തിവയ്ക്കാനും സാധ്യതയില്ല. പക്ഷേ, റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കടുത്ത ഉർജ പ്രതിസന്ധിയിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ എടുത്തെറിയപ്പെടും.
യുദ്ധത്തിന്റെ സാഹചര്യം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ധന വിലയെ ആയിരിക്കുമെന്നാണ് കരുതുന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അന്താരഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറുകളായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധന വില ഏറ്റവും കുറഞ്ഞത് 7 മുതൽ 8 രൂപവരെയെങ്കിലും വർധിക്കാനാണ് സാധ്യത. കണക്കുകൾ അനുസരിച്ച് ആഗോള തലത്തിൽ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ പത്ത് ശതമാനവും ഉത്പാദിപ്പിക്കുന്നത് റഷ്യയിൽ നിന്നാണ്. യുദ്ധ സമാനമായ സാഹചര്യം നിലവിൽ വരികെയാണെങ്കിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിലിന് വൻ ക്ഷാമം നേരിടും. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന എണ്ണയുടെ അളവ് വളരെ കുറവാണ്. എന്നാൽ അന്താരഷ്ട്ര തലത്തിൽക് അസംസ്‌കൃത എണ്ണയ്ക്ക് വര്ധനവുണ്ടായാൽ അത് ഉറപ്പായും ഇന്ത്യയെയും ബാധിക്കും. 2021 നവംബറിന് ശേഷം 30 ശതമാനത്തിലധികമാണ് എണ്ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. എണ്ണവിലയെ മാത്രമല്ല സ്വര്‍ണവിലയേയും റഷ്യ-യുക്രൈൻ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1% ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി. യുദ്ധം മുറുക്കുന്ന സാഹചഹര്യത്തിൽ ഇന്ത്യയിൽ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ വില വൻ തോതിൽ വർധിക്കും. ഇതിന് കാരണം ലോകത്തെമ്പാടും ഉള്ളവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സൺഫ്ലവർ ഓയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് യുക്രൈൻ. കീവിൽ നിന്നുള്ള സൺഫ്ലവർ ഓയിൽ കയറ്റുമതി നിലച്ചാൽ പാം ഓയിലിന്റെയും, സോയാബീൻ ഓയിലിന്റെയും മറ്റ് എണ്ണയുടെയും വില വൻതോതിൽ വർധിക്കും.
യുദ്ധത്തിന്റെ സാഹച്ചര്യത്തിൽ ഭക്ഷണ സാധനങ്ങളുടെ വില വൻ തോതിൽ വർധിക്കും. ചില രാജ്യങ്ങളിൽ ഭക്ഷ്യ ക്ഷാമത്തിന് പോലും സാധ്യതയുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യം റഷ്യയാണ്. യുക്രൈനും വൻ തോതിൽ ഭക്ഷ്യ സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്. ഈജിപ്ത്, തുർക്കി, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ രാജ്യങ്ങൾ കൂടുതലായി റഷ്യയിൽ നിന്നുള്ള കയറ്റുമതിയിലാണ് ആശ്രയിക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന ഉക്രെയ്ൻ, റഷ്യ, കസാക്കിസ്ഥാൻ, റൊമാനിയ എന്നീ രാജ്യങ്ങൾ പ്രധാനമായും കരിങ്കടൽ വഴിയാണ് കയറ്റുമതി നടത്തുന്നത്. എന്നാൽ യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തിൽ ഇത് തടസപ്പെടുകയും ഭക്ഷണ സാധനങ്ങളുടെ വില വർധിക്കുകയും ചെയ്യും. ആഗോളതലത്തിൽ വര്ധനയുണ്ടാകുമ്പോൾ അത് ഇന്ത്യയെയും ബാധിക്കും. കൂടാതെ ഇന്ധന വില വർധിക്കുന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കും.
യുക്രൈനിൽ 20000 ത്തിലധികം ഇന്ത്യൻ പൗരന്മാരാണ് ഉള്ളത്. ഇതിൽ കൂടുതലും മെഡിക്കൽ വിദ്യാർഥികളും ഫാർമ, ഐടി, എഞ്ചിനിയറിങ് മേഖലകളിൽ ജോലി ചെയ്യുന്നവരും ബിസിനസ് പ്രൊഫഷണലുകളുമാണ്. നിലവിൽ ഇവരുടെ കാര്യത്തിൽ ഇന്ത്യയും അതീവ ആശങ്കയിലാണ്. 2020 ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം രൂക്ഷമായിരുന്നു. ഇതേ സമയം ചൈനയും അമേരിക്കയും തമ്മിലും നിരവധി പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ റഷ്യ – യുക്രൈൻ പ്രശ്നത്തിൽ ഇന്ത്യ യുക്രൈനിന് പിന്തുണ നൽകിയാൽ ഇന്ത്യക്ക് അത് പ്രശ്‌നമായി മാറാൻ സാധ്യതയുണ്ട്. റഷ്യക്കും ചൈനയ്ക്കും തമ്മിൽ 30 വർഷങ്ങളായി നീണ്ട് നിൽക്കുന്ന ഗ്യാസ് കോൺട്രാക്ട് ഉള്ള സാഹചര്യത്തിൽ റഷ്യയും ചൈനയും ചേർന്നാൽ അത് ഇന്ത്യക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ലോകമഹായുദ്ധങ്ങൾ യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത നമുക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്.യുദ്ധംആർക്കും ഒന്നും തരുന്നില്ല. സമാധാനം നേടിയെടുക്കാനാണ് യുദ്ധം എന്ന് അധികാരികൾ പറയുമ്പോൾ “സമാധാനം ഒരു പുഞ്ചിരിയിൽ തുടങ്ങുന്നു” എന്ന മദർതെരേസയുടെ വാക്കുകൾ ഓർക്കുന്നത് നന്നായിരിക്കും.
മറ്റൊരു ഇന്റീരിയർ വിസ്മയം തീർത്ത് വീണ്ടും KONCEPT DEKOR
https://www.facebook.com/varthatrivandrumonline/videos/655066392364969